കൊച്ചിയിൽ മുങ്ങിയത് കടൽകൊള്ളക്കാർ അക്രമിച്ച കപ്പൽ
2016ൽ യെമനിനടുത്ത് ഒരു കൂട്ടിയിടിയിൽ കപ്പല്‍ ഉള്‍പ്പെട്ടിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം 2021ല്‍ നൈജീരിയക്കടുത്ത് വെച്ച് കടല്‍കൊള്ളക്കാരുടെ ആക്രമണത്തിനും കപ്പല്‍ ഇരയായി.
കൊച്ചി: കടലിൽ മുങ്ങിയ ലൈബീരിയന്‍ ചരക്കുകപ്പലായ എംഎസ്‌സി എല്‍സ 3 നേരത്തെയും അപകടത്തില്‍പെട്ടു. 2016ൽ യെമനിനടുത്ത് ഒരു കൂട്ടിയിടിയിൽ കപ്പല്‍ ഉള്‍പ്പെട്ടിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം 2021ല്‍ നൈജീരിയക്കടുത്ത് വെച്ച് കടല്‍കൊള്ളക്കാരുടെ ആക്രമണത്തിനും കപ്പല്‍ ഇരയായി.
എംഎസ്‌സി എല്‍സ 3 എന്നായിരുന്നില്ല കപ്പലിന്റെ പേര്. ജാന്‍ റിക്ടര്‍ എന്നായിരുന്നു ഇതിന് മുമ്പത്തെ പേര്. ഇങ്ങനെ ഒമ്പതോളം തവണയാണ് കപ്പലിന്റെ പേര് മാറ്റിയത്. 1997ൽ ജർമ്മനിയിൽ നിർമ്മിച്ചതും മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (എംഎസ്‌സി) പ്രവർത്തിപ്പിക്കുന്നതുമായ എംഎസ്‌സി എൽസ 3ക്ക് ഇങ്ങനെയും ഭൂതകാലമുണ്ടെന്നാണ് സമുദ്രവുമായി ബന്ധപ്പെട്ടും കപ്പല്‍ ചരക്കുനീക്കവുമായി ബന്ധപ്പെട്ടുമൊക്കെ വാര്‍ത്തകള്‍ നല്‍കുന്ന സിംഗപ്പൂര്‍ ആസ്ഥാനമായുള്ള സ്പ്ലാഷ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈ കപ്പലിൻ്റെ മൊത്തം നീളം 183.91 മീറ്ററും വീതി 25.3 മീറ്ററുമാണ്. 28 വർഷത്തെ പ്രവര്‍ത്തന പാരമ്പര്യവുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ഷിപ്പിംഗ് നിര്‍മിക്കുന്ന കമ്പനിയണ് എംഎസ്‌സി. 2024 ജൂലൈ വരെ ആഗോള കണ്ടെയ്നർ ശേഷിയുടെ 20 ശതമാനവും നിയന്ത്രിക്കുന്നത് ഈ ശൃംഖലയാണ്. അതേസമയം ഏകദേശം ആറ് മാസം മുമ്പ് കപ്പൽ, ഇന്ത്യയിൽ പരിശോധനയ്ക്ക് വിധേയമായെന്ന റിപ്പോര്‍ട്ടുകളുണ്ട്. അപകടത്തില്‍പെടുമ്പോള്‍ കപ്പലിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 24 ജീവനക്കാരുണ്ടായിരുന്നു. എല്ലാവരെയും രക്ഷിച്ചു.
വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട എംഎസ് സി എല്‍സ 3, കൊച്ചി പുറംകടലിൽ കഴിഞ്ഞ ശനിയാഴ്ചയാണ് അപകടത്തിൽപെട്ടത്. ചെരിവ് നിവര്‍ത്താനുള്ള ശ്രമം നടന്നെങ്കിലും ഞായറാഴ്ച രാവിലെയോടെ പൂര്‍ണമായും മുങ്ങി. കടൽക്ഷോഭത്തെ തുടർന്നാവാം കപ്പല്‍ ചെരിഞ്ഞത് എന്നാണ് പറയപ്പെടുന്നത്. അതേസമയം കപ്പലിലെ കണ്ടെയ്‌നറുകളിൽ അപകടകരമായ രാസവസ്തുക്കൾ ഉണ്ടാകാമെന്ന മുന്നറിയിപ്പിനെ തുടർന്ന് സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് ജാഗ്രതാ നിർദേശം നൽകിയിരിരുന്നു.
എന്നാല്‍ എന്താണ് കണ്ടെയ്നറുകളിലെന്ന് ഔദ്യോഗിക വിശദീകരണമില്ല. 600ലേറെ കണ്ടെയ്‌നറുകൾ കപ്പലിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. ഇവ പുറത്തെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇതിനിടെ ചില കണ്ടെയ്നറുകള്‍ കൊല്ലത്തെ വിവിധയിടങ്ങളില്‍ കരക്കടിയുകയും ചെയ്തിട്ടുണ്ട്.