ലൂസിയെ മഠത്തില്‍ നിന്നിറക്കാനുറച്ച് സഭ; ജീവനോടെ പുറത്തു പോകില്ലെന്ന് സിസ്റ്റര്‍
കാരക്കാമല മഠത്തില്‍നിന്ന് തന്നെ പുറത്താക്കാനുള്ള FCC സഭയുടെ നീക്കം അംഗീകരിക്കില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ . തന്നെ ജീവനോടെ കുടിയിറക്കാനാവില്ലെന്നും , ഒരാഴ്ചക്കകം മഠം ഒഴിയണമെന്നാവശ്യപ്പെട്ട് മദര്‍ സുപ്പീരിയര്‍ നല്‍കിയ കത്ത് പിന്‍വലിച്ച് മാപ്പ് പറയണമെന്നും സിസ്റ്റര്‍ ലൂസി ആവശ്യപ്പെട്ടു.
വത്തിക്കാനിലെ പരമോന്നത സഭാകോടതി സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന്‍റെ മൂന്ന് അപ്പീലുകളും തള്ളിയതിനു പിന്നാലെ , മഠത്തില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് FCC സഭ. ഈ മാസം 21 നകം മഠത്തില്‍ നിന്ന് പുറത്തു പോകണമെന്നാണ് മദര്‍ സുപ്പീരിയര്‍ നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ താന്‍ ജീവനോടെ പുറത്തു പോകില്ലെന്ന നിലപാടിലാണ് സിസ്റ്റ്ര്‍ ലൂസി .
തന്നെ ഭീഷണിപ്പെടുത്തുന്ന കത്താണ് മദര്‍ സുപ്പീരിയര്‍ അയച്ചത്. തന്നെ പുറത്താക്കാനുറച്ചുള്ള ആഘോഷമാണ് മഠത്തില്‍ നടക്കുന്നത്. കത്ത് പിന്‍വലിച്ച് മദര്‍ സുപ്പീരിയര്‍ മാപ്പ് പറയണമെന്നും സിസ്റ്റര്‍ ലൂസി ആവശ്യപ്പെട്ടു.വത്തിക്കാനിലെ സഭാകോടതി അപ്പീല്‍ തള്ളിയെങ്കിലും രാജ്യത്തെ കോടതികളുടെ വിധി അനുസരിച്ച് മാത്രമേ തന്നെ പുറത്താക്കാനാവൂ എന്ന നിയമോപദേശം ലഭിച്ചതായും സിസ്റ്റര്‍ ലൂസി പറഞ്ഞു. FCC സന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കുന്നതിനെതിരെ സിസ്റ്ര്‍ ലൂസി നല്‍കിയ പരാതിയേന്‍മേലുള്ള കേസ് ഈ മാസം 26 ന് മാനന്തവാടി മുന്‍സിഫ് കോടതി പരിഗണിക്കുന്നുണ്ട്.