ഡിസിസിയുടെ ഫേസ്ബുക്ക് പേജും വാട്സാപ്പ് ഗ്രൂപ്പുമായി ജോസ് വള്ളൂർ പോയി; കാത്തിരുന്നിട്ടും ഫലമുണ്ടായില്ല, പുതിയ അക്കൗണ്ട് തുടങ്ങി തൃശൂർ ഡിസിസി പ്രസിഡണ്ട്
സ്ഥാനമൊഴിഞ്ഞ ഡിസിസി പ്രസിഡണ്ട് പാർട്ടിയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ വിട്ട് കൊടുക്കാതെ കൈവശം വെക്കുന്നതാണ് പുതിയ സംഭവം
ജോസഫ് ടാജറ്റ്- ജോസ് വള്ളൂർ Photo-mediaonenews
എക്കാലത്തും കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിന്‍റെയും വൈരനിര്യാതന ബുദ്ധിയോടെയുള്ള വെട്ടിനിരത്തലിന്റെയും പ്രധാന കേന്ദ്രങ്ങളിലൊന്നാണ് തൃശൂർ.
സ്ഥാനമൊഴിഞ്ഞ ഡിസിസി പ്രസിഡണ്ട് പാർട്ടിയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ വിട്ട് കൊടുക്കാതെ കൈവശം വെക്കുന്നതാണ് പുതിയ സംഭവം. കഴിഞ്ഞ ഫെബ്രുവരി എട്ടിന് ഡിസിസി പ്രസിഡണ്ടായി ജോസഫ് ടാജറ്റ് ചുമതലയേറ്റെടുത്തെങ്കിലും പാർട്ടിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈമാറാന്‍ പദവിയൊഴിഞ്ഞ ജോസ് വള്ളൂർ തയ്യാറായിരുന്നില്ല.
ഡിസിസിയുടെ ഫേസ്ബുക്ക് അക്കൗണ്ട്, വാട്സ് ആപ് ഗ്രൂപ്പ് തുടങ്ങിയവയെല്ലാം ജോസ് വള്ളൂരിന്റെ നിയന്ത്രണത്തിലാണ്. ജനങ്ങളുമായുള്ള ആശയവിനിമയത്തിന് ഏറ്റവും പ്രധാനമായി രാഷ്ട്രീയ പാർട്ടികള്‍ ആശ്രയിക്കുന്ന സാമൂഹ്യ മാധ്യമ അക്കൗണ്ടുകളൊന്നും ഉപയോഗിക്കാനാകാത്ത സ്ഥിതി തൃശൂർ ഡിസിസിക്ക് ഉണ്ടായി.
ഫേസ്ബുക്ക് അക്കൗണ്ട് അടക്കമുള്ളവ തിരിച്ച് ലഭിക്കാന്‍ ഡിസിസി പ്രസിഡണ്ട് ജോസഫ് ടാജറ്റ് പല രീതിയില്‍ ജോസ് വള്ളൂരിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ പാർട്ടിയുടെ പ്രസ്താവനകളും വീഡിയോയും ടാജറ്റ് സ്വന്തം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങി.
ഡിസിസി പേജ് തിരിച്ചുകിട്ടില്ലെന്ന് ഉറപ്പായതോടെ കഴിഞ്ഞ ദിവസം പുതിയൊരു പേജ് തുടങ്ങി. പുതിയ പേജിന്‍റെ ലിങ്ക് പാർട്ടിയുമായി ബന്ധമുള്ള വാട്സ് ആപ് ഗ്രൂപ്പുകളില്‍ ഷെയർ ചെയ്ത് പരമാവധി പേരെ ഫോളോ ചെയ്യിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ഡിസിസി.
നിലവില്‍ ആയിരത്തില്‍ താഴെ പേർ മാത്രമാണ് പുതിയ പേജ് ഫോളോ ചെയ്യുന്നത്. എറണാകുളം ഡിസിസി- 11000, മലപ്പുറം ഡിസിസി- 39,000, തിരുവനന്തപുരം ഡിസിസി- 8300, എന്നിങ്ങനെയാണ് വിവിധ ഡിസിസികളഉടെ എഫ് ബി പേജുകള്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണം. എന്തായാലും കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിന്റെ ചരിത്രത്തില്‍ വ്യത്യസ്തമായ ഒന്നായി തൃശൂരിലെ ഫേസ്ബുക്ക് പേജും മാറി.