ട്രയിനിൽ നിന്നും തള്ളിയിട്ട ശേഷം ക്രൂരമായ പീഡനം, താടിയെല്ല് തകര്‍ന്നു, പല്ലുകൾ അടര്‍ന്നു; ആശുപത്രിയിൽ അഞ്ച് ദിവസത്തോളം നീണ്ട നരകയാതന; കേരളത്തെ നടുക്കിയ സൗമ്യ വധക്കേസ്

ചോര വാർന്ന് അബോധാവസ്ഥയിലായ പെൺകുട്ടിയെ ഗോവിന്ദച്ചാമി ക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു

Update: 2025-07-25 04:25 GMT
Editor : Jaisy Thomas | By : Web Desk

തൃശൂര്‍: കേരളത്തെ നടുക്കിയ ഏറ്റവും നിഷ്ഠൂരമായ ക്രൂരകൃത്യമായിരുന്നു സൗമ്യ വധക്കേസ്. എറണാകുളത്തു നിന്നും ഷൊർണൂർക്ക് പോകുകയായിരുന്ന ട്രയിനിലെ വനിതാ കമ്പാർട്ട്‌മെന്‍റിൽ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെടുന്നത്. തമിഴ്നാട് സ്വദേശിയായ ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് അതിക്രൂരമായ ബലാത്സംഗത്തിന് വിധേയയാക്കിയെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. തൃശൂര്‍ മെഡിക്കൽ കോളജിൽ അഞ്ച് ദിവസത്തോളം നരകയാതന അനുഭവിച്ചാണ് സൗമ്യ മരണത്തിന് കീഴടങ്ങുന്നത്.

ചോര വാർന്ന് അബോധാവസ്ഥയിലായ പെൺകുട്ടിയെ ഗോവിന്ദച്ചാമി ക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു. ആക്രമണത്തിൽ സൗമ്യയുടെ താടിയെല്ല് തകരുകയും, പല്ലുകൾ അടർന്നു പോകുകയും, ശരീരത്തിൽ ആഴത്തിൽ മുറിവേൽക്കുകയും ചെയ്തു. ശരീരത്തിലെ മിക്ക അവയവങ്ങൾക്കും ക്ഷതമേറ്റിരുന്നു. പൊലീസ് ഗോവിന്ദച്ചാമിയെ പിടികൂടുമ്പോൾ ചെറുത്തു നിൽപ്പിനായി സൗമ്യ മാന്തിമുറിച്ചതിന്‍റെ 27 പോറലുകൾ അയാളുടെ ശരീരത്തിലുമുണ്ടായിരുന്നു.

Advertising
Advertising

കേസിന്‍റെ നാൾവഴികൾ

2011 ഫെബ്രുവരി 1 രാത്രി 8.30

എറണാകുളം-ഷോര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന സൗമ്യ ആക്രമിക്കപ്പെടുന്നു. ട്രെയിനില്‍ നിന്ന് വീണ് ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡി.കോളജ് ആശുപത്രിയില്‍.

ഫെബ്രുവരി 2

സൗമ്യ ബലാത്സംഗത്തിനിരയായെന്ന് ആശുപത്രി അധികൃതര്‍. ചേലക്കര പൊലീസ് കേസെടുക്കുന്നു

ഫെബ്രുവരി 3

പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ഒറ്റക്കൈയുള്ള ആളെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നു. ചാര്‍ലിയെന്നാണ് ഇയാള്‍ പേര് പരിചയപ്പെടുത്തുന്നത്.

ഫെബ്രുവരി 4

പിടിയിലായയാള്‍ സേലം സ്വദേശിയായ ഗോവിന്ദച്ചാമിയാണെന്ന് വ്യക്തമാകുന്നു. കേസ് രജിസ്റ്റര്‍ ചെയ്യുന്നു.

ഫെബ്രുവരി 6

ചികിത്സയിലായിരുന്ന സൗമ്യ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വെച്ച് മരിച്ചു

ജൂണ്‍ 6

തൃശൂര്‍ ഒന്നാം നമ്പര്‍ അതിവേഗ കോടതി കേസില്‍ സാക്ഷി വിസ്താരം ആരംഭിച്ചു

ഒക്ടോബര്‍ 10

മെഡി.കോളജ് ഫോറന്‍സിക് വിഭാഗം അസോ. പ്രൊഫ. ഡോ. ഉന്‍മേഷ് കോടതിയില്‍ പ്രതിക്ക് അനുകൂല മൊഴി നല്‍കുന്നു

ഒക്ടോബര്‍ 15

ഡോ. ഉന്‍മേഷിന്‍റെ മൊഴി പൊലീസ് വീണ്ടുമെടുക്കുന്നു

ഒക്ടോബര്‍ 31

ഗോവിന്ദച്ചാമി കുറ്റക്കാരനെന്ന് തൃശൂര്‍ ഒന്നാം നമ്പര്‍ അതിവേഗ കോടതി കണ്ടെത്തി

നവംബര്‍ 5

കേസില്‍ അന്തിമവാദം പൂര്‍ത്തിയാക്കി

നവംബര്‍ 11

വിചാരണ കോടതി ജഡ്ജി കെ രവീന്ദ്രബാബു ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചു

2013 ഡിസം 17

അതിവേഗ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു

2014 ജൂണ്‍ 9

വധശിക്ഷ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഗോവിന്ദച്ചാമി സുപ്രിം കോടതിയില്‍ ഹരജി നല്‍കി

2016 സെപ്തംബര്‍ 15

ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രിം കോടതി റദ്ദാക്കുന്നു. വധശിക്ഷ റദ്ദാക്കിയെങ്കിലും ജീവപര്യന്തം തടവ് സുപ്രിം കോടതിയും ശരിവച്ചു

2025 ജൂലൈ 25

ഗോവിന്ദച്ചാമി ജയിൽ ചാടുന്നു

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News