അതിജീവിതയുടെ വെളിപ്പെടുത്തല്‍ നിര്‍ണായകമായി; തിരുവല്ല സ്പാ സെന്റർ ബലാത്സംഗക്കേസില്‍ ഗുണ്ടാ-പൊലീസ് ബന്ധത്തിലും അന്വേഷണം

കഴുത്തിൽ കത്തിവെച്ചാണ് പ്രതികൾ തന്നെ ബലാത്സംഗം ചെയ്തതെന്നും അതിജീവിത വെളിപ്പെടുത്തിയിരുന്നു

Update: 2026-02-08 01:22 GMT
Editor : ലിസി. പി | By : Web Desk

തിരുവല്ല: പത്തനംതിട്ട  തിരുവല്ലയിലെ സ്പാ സെന്ററിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായ കേസിൽ ഗുണ്ടകളും പൊലീസും തമ്മിലുള്ള ബന്ധവും അന്വേഷിക്കുന്നു. ക്രൂരമായ പീഡനത്തിന് പിന്നിൽ കൃത്യമായ ക്വട്ടേഷൻ ഉണ്ടെന്ന അതിജീവിതയുടെ വെളിപ്പെടുത്തൽ പുറത്തുവന്നതോടെ പൊലീസ് പ്രതിക്കൂട്ടിലായിരിക്കുകയാണ്. ഉന്നതതല അന്വേഷണം നടത്താൻ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു.

ഫെബ്രുവരി ഒന്നാം തീയതി തിരുവല്ലയിലെ സ്പാ സെന്ററിൽ നടന്നത് സിനിമയെ പോലും വെല്ലുന്ന ക്രൂരമായ നരനായാട്ടാണ്. പണം ആവശ്യപ്പെട്ടെത്തിയ സുബിൻ അലക്സാണ്ടറും ആറംഗ സംഘവും സ്ഥാപനത്തിൽ അഴിഞ്ഞാടുകയായിരുന്നു. ആവശ്യപ്പെട്ട തുക ലഭിക്കില്ലെന്ന് ഉറപ്പായതോടെ അതിജീവിതയെ ക്രൂരമായി മർദിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. കഴുത്തിൽ കത്തിവെച്ച് തന്നെ കീഴടക്കിയാണ് പ്രതികൾ ബലാത്സംഗം ചെയ്തതെന്ന് അതിജീവിത വെളിപ്പെടുത്തി. ആക്രമണത്തിന് പിന്നിൽ ക്വട്ടേഷൻ ആണെന്ന് സംശയിക്കുന്നതായി സ്ഥാപന ഉടമയും പ്രതികരിച്ചു.

Advertising
Advertising

അതിജീവിതയുടെ വെളിപ്പെടുത്തലുകൾ ഗൗരവത്തോടെയാണ് അന്വേഷണസംഘം കാണുന്നത്. പണം ചോദിച്ചെത്തിയ ഗുണ്ടാസംഘം സ്പായിൽ അതിക്രമം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ, ഈ അക്രമങ്ങൾക്കെല്ലാം പിന്നിൽ പൊലീസിന്റെ പരോക്ഷമായ പിന്തുണയുണ്ടെന്ന ആരോപണം ശക്തമാണ്. സ്പാ കേന്ദ്രങ്ങളിൽ നിന്ന് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും ഡിവൈഎസ്പി ഓഫീസിലെ ഉദ്യോഗസ്ഥരും മാസപ്പടി വാങ്ങുന്നത് ഗുണ്ടകൾക്ക് ഇത്തരം അക്രമങ്ങൾ നടത്താൻ പ്രചോദനമായെന്നാണ് സൂചന. പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന ഈ സംഭവത്തിൽ പ്രതികരണവുമായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി രംഗത്ത് വന്നിട്ടുണ്ട്. ഏതേലും പൊലീസുകാരുടെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു പ്രശ്നമുണ്ടായതായി തെളിഞ്ഞാൽ കർശന നടപടി ഉണ്ടാവുമെന്നാണ് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് വ്യക്തമാക്കി.

സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷം വിവരം അറിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ വൈകുന്നത് പൊലീസിന്റെ ഭാഗത്തെ വീഴ്ചയാണെന്ന വിമർശനം ഇതിനോടകം ഉയർന്നു കഴിഞ്ഞു. ആറ് പ്രതികളിൽ രണ്ടുപേരെ മാത്രമാണ് പൊലീസിന് കണ്ടെത്താൻ സാധിച്ചത്. പ്രതികളില്‍ നാലുപേർ ഒളിവിലാണ്.

സ്പാ ഉടമയിൽ നിന്നും അതിജീവിതയിൽ നിന്നും വിശദമായ മൊഴി ശേഖരിച്ച പൊലീസ് കൂടുതൽ തെളിവുകൾ കൂടി പരിശോധിച്ച് ഗൂഢാലോചനയിലെ കൂടുതൽ കണ്ണികളെ ഉടൻ പുറത്തുകൊണ്ടുവരുമെന്നാണ് സൂചന.അതേസമയം, ഒളിവിൽ കഴിയുന്ന പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News