സൗമ്യ ഏഴ് വര്‍ഷമായി ഇസ്രായേലില്‍, കൊല്ലപ്പെട്ടത് ഭര്‍ത്താവുമായി ഫോണില്‍ സംസാരിക്കവേ..
സൗമ്യ പരിചരിച്ചിരുന്ന ഇസ്രായേൽ വനിതയും ഷെല്ലാക്രമണത്തിൽ മരിച്ചു
ഇസ്രായേലിലെ അഷ്കലോണിൽ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി. കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിന് എല്ലാ സഹായങ്ങളും ഉറപ്പ് നൽകിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചു.
കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇസ്രായേലിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ കുടുംബത്തെ അറിയിച്ചു. ജറുസലേമിലെ ഇത്തരം ആക്രമണങ്ങളെയും സംഘർഷങ്ങളെയും അപലപിക്കുന്നതായും ഇരുപക്ഷവും ആക്രമണങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നാണ് നിലപാടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് വിദേശകാര്യ മന്ത്രാലയത്തിനും എംബസിക്കും കത്തയച്ചിട്ടുണ്ട്. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
അഷ്‌കലോണിൽ കെയർ ടെയ്ക്കറായി ജോലി ചെയ്തിരുന്ന സൗമ്യ, ഇന്നലെ വൈകിട്ട് ഭർത്താവ് സന്തോഷുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ സൗമ്യ പരിചരിച്ചിരുന്ന ഇസ്രായേൽ വനിതയും മരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ മെമ്പർമാരായ സതീശന്‍റെയും സാവിത്രിയുടെയും മകളാണ് കൊല്ലപ്പെട്ട സൗമ്യ. എട്ടു വയസുകാരനായ മകനുണ്ട്. കഴിഞ്ഞ 7 വർഷമായി ഇസ്രായേലിൽ ജോലി ചെയ്യുന്ന സൗമ്യ രണ്ട് വർഷം മുൻപാണ് ഏറ്റവുമൊടുവിൽ നാട്ടിൽ വന്ന് മടങ്ങിയത്.