മീഡിയവണ്‍ വിലക്ക് ഭരണഘടനയുടെ അറപ്പില്ലാത്ത അട്ടിമറി: സ്പീക്കര്‍ എം.ബി രാജേഷ്

'മൗലികാവകാശങ്ങള്‍ നിഷേധിക്കുന്നതാണ് രാജ്യദ്രോഹം'

Update: 2022-02-15 09:19 GMT

മീഡിയവൺ സംപ്രേഷണം വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമർശിച്ച് സ്പീക്കർ എം ബി രാജേഷ്. മൗലികാവകാശങ്ങള്‍ നിഷേധിക്കുന്നതാണ് രാജ്യദ്രോഹം. ഭരണഘടന നല്‍കുന്ന അവകാശമാണ് അഭിപ്രായ സ്വാതന്ത്യവും മാധ്യമസ്വാതന്ത്ര്യവും. ജനങ്ങളുടെ അവകാശം സംരക്ഷിക്കുമ്പോഴാണ് രാജ്യതാത്പര്യം സംരക്ഷിക്കപ്പെടുന്നത്. കാരണം പോലും പറയാതെ മീഡിയവണ്‍ നിരോധിച്ചത് ഭരണഘടനയുടെ അറപ്പില്ലാത്ത അട്ടിമറിയാണെന്നും എം ബി രാജേഷ് പറഞ്ഞു. മലപ്പുറം പ്രസ് ക്ലബിന്റെ സുവർണ ജൂബിലി ഉദ്ഘാടന പ്രസംഗത്തിലാണ് സ്പീക്കർ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

"പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ ഇല്ലെന്നേയുള്ളൂ. അടിയന്തരാവസ്ഥയുടെ കാലത്ത് നടന്നതിനേക്കാള്‍ വലിയ ജനാധിപത്യ ധ്വംസനവും പൌരാവകാശ നിഷേധവും മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കയ്യേറ്റവും നടക്കുന്നു. ഏത് സ്ഥാപനം എന്നുള്ളതല്ല, അതിന്‍റെ പേരിനുപോലും പ്രസക്തിയുണ്ടെന്ന് വിചാരിക്കുന്നില്ല. പലതരം അഭിപ്രായ വ്യത്യാസം ധാരാളമുണ്ട്. പക്ഷേ അതിനെല്ലാം ഉപരിയായ പ്രശ്നം ഒരു മാധ്യമസ്ഥാപനം അടച്ചുപൂട്ടുന്നു. എന്താണ് കാരണമെന്ന് ഇതുവരെ വെളിപ്പെടുത്താന്‍ തയ്യാറാകുന്നില്ല. രാജ്യസുരക്ഷ എന്നത് ജനാധിപത്യത്തിന് നേരെ എന്ത് അതിക്രമവും പ്രയോഗിക്കുന്നതിനുള്ള മറയായി മാറുന്നു.

Advertising
Advertising

രാജ്യരക്ഷ എന്നത് ഒരു നിഗൂഢമായ കാര്യമായി മാറുന്നു. മാധ്യമ സ്ഥാപനം അടച്ചുപൂട്ടുക എന്നാല്‍ ഭരണഘടന നല്‍കുന്ന അവകാശത്തിന്‍റെ നഗ്നമായ നിഷേധമാണ്, അറപ്പില്ലാത്ത അട്ടിമറിയാണ്. ഇത്ര ഗുരുതരമായ നടപടിക്ക് എന്താണ് കാരണമെന്ന് ജനങ്ങള്‍ അറിയേണ്ട എന്ന് പറയാന്‍ ഇത് വെള്ളരിക്കാപ്പട്ടണമാണോ? രാജ്യം എന്നാല്‍ എല്ലാവരുടേതുമാണ്. ജനങ്ങള്‍ക്കു മുഴുവന്‍ തുല്യപങ്കാളിത്തമുള്ളതാണ് രാജ്യം. അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമ്പോഴാണ് രാജ്യതാത്പര്യം സംരക്ഷിക്കപ്പെടുക. രാജ്യത്തെ ജനങ്ങളുടെ മൌലികാവകാശം നിഷേധിക്കപ്പെട്ടാല്‍ അതിനേക്കാള്‍ വലിയ ഭീഷണി എന്താണുള്ളത് രാജ്യസുരക്ഷയ്ക്ക്?"

മാധ്യമസ്വാതന്ത്ര്യം നിഷേധിക്കുന്നത് രാജ്യസുരക്ഷക്കെതിരായ അക്രമമാണ്. അങ്ങനെ പറയാന്‍ നിര്‍ഭാഗ്യവശാല്‍ മിക്കവാറും മാധ്യമങ്ങള്‍ക്ക് നാവ് പൊങ്ങുന്നില്ല. മാധ്യമസ്വാതന്ത്ര്യം ജനാധിപത്യത്തിന് എത്രമേല്‍ അനിവാര്യമാണ്, രണ്ടും തമ്മിലുള്ള ബന്ധം എത്ര ഗാഢമാണ് എന്നെല്ലാം ഏറ്റവും തിരിച്ചറിയാത്തത് അല്ലെങ്കില്‍ തിരിച്ചറിയാത്തതായി നടിക്കുന്നത് മാധ്യമങ്ങള്‍ തന്നെയാണ്"- സ്പീക്കര്‍ പറഞ്ഞു.

Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News