സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി ഒന്നാം പ്രതി; സ്വർണക്കൊള്ളയിൽ കേസെടുത്ത് അന്വേഷണ സംഘം

ദേവസ്വം ഉദ്യോഗസ്ഥരുൾപ്പടെ കേസിൽ 10 പ്രതികൾ

Update: 2025-10-11 14:25 GMT
Editor : നബിൽ ഐ.വി | By : Web Desk

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് അന്വേഷണ സംഘം. ക്രൈബ്രാഞ്ച് ആസ്ഥാനത്താണ് കേസെടുത്തത്. സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഒന്നാം പ്രതി. കവർച്ച, വ്യാജരേഖ ചമക്കൽ, വിശ്വാസ വഞ്ചന, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ഉണ്ണികൃഷ്ണൺ പോറ്റിയും സഹായികളും ദേവസ്വം ഉദ്യോഗസ്ഥരും ഉൾപ്പടെ കേസിൽ 10 പ്രതികളാണുള്ളത്. ക്രൈംബ്രാഞ്ച് മേധാവി കൂടിയായ എച്ച്. വെങ്കിടേഷാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെയും മേധാവി. സംസ്ഥാന അടിസ്ഥാനത്തിൽ അന്വേഷണ അധികാരമുള്ളതുകൊണ്ടാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.

അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കും ഉടൻ കടക്കാൻ സാധ്യതയുണ്ട്. ഒൻപത് ദേവസ്വം ഉദ്യോഗസ്ഥരാണ് പ്രതി പട്ടികയിലുള്ളത്. ദ്വാരപാലക പാളികൾ പരിശോധിക്കുമ്പോൾ സന്നിധാനത്ത് ഹാജരാകാൻ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജസ്റ്റിസ് കെ.ടി ശങ്കരൻ നിർദേശം നൽകി.

Advertising
Advertising

ദ്വാരപാലക ശില്‍പ്പത്തിലെയും വാതില്‍പടിയിലെയും സ്വര്‍ണം കടത്തിയതില്‍ വെവ്വേറെ എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രണ്ടു കേസുകളിലും മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി തന്നെയാണ്. ഇരുകേസുകളിലും ദേവസ്വം ജീവനക്കാരും പ്രതികളാണ്.

ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ട് എഫ്‌ഐആറുകള്‍ വരാന്‍ കാരണം, ഈ സംഭവങ്ങള്‍ നടന്നത് രണ്ട് വ്യത്യസ്ത സമയങ്ങളിലാണ് എന്നതാണ്. ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണം പൊതിഞ്ഞ പാളികള്‍ കടത്തിക്കൊണ്ടുപോയി സ്വര്‍ണം ഉരുക്കിയെടുത്ത് തട്ടിക്കൊണ്ടുപോയത് 2019 മാര്‍ച്ചിലാണ്. വാതില്‍പാളിയിലെ സ്വര്‍ണം കവര്‍ന്ന സംഭവം നടന്നത് 2019 ഓഗസ്റ്റിലാണ്. സമയവ്യത്യാസം ഉള്ളതുകൊണ്ടും, രണ്ട് സംഭവങ്ങളിലും ഇടപെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് വ്യത്യാസമുള്ളതുകൊണ്ടും, മഹസറില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളുകള്‍ക്ക് വ്യത്യാസമുള്ളതുകൊണ്ടും, രണ്ട് കേസുകളായിട്ടായിരിക്കും അന്വേഷണം മുന്നോട്ട് പോകുന്നത്.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News