ഒരു പേജ് സ്വയം മറിക്കാൻ കഴിയില്ല, നിശ്ചയദാർഢ്യത്തിലൂടെ ചാർട്ടേർഡ് അക്കൗണ്ടന്റായി ശ്രീകുമാർ
ശ്രീകുമാറിനെ അഭിനന്ദിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്
തൃശൂർ: ഒരു പുസ്തകത്തിന്റെ പേജ് സ്വയം മറിക്കാൻ കഴിയാത്ത ശ്രീകുമാർ തന്റെ വിധിയുടെ പേജുകൾ മറിച്ച് കഠിനപ്രയത്‌നത്തിലൂടെ ചാർട്ടേഡ് അക്കൗണ്ടന്റായിരിക്കുകയാണ്. തൃശൂർ പുത്തൻചിറ പനമ്പിള്ളി വീട്ടിലെ ശ്രീകുമാർ ആണ് നിശ്ചയദാർഢ്യം കൊണ്ടും കഠിനപ്രയത്‌നം കൊണ്ടും ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ പാസ്സായത്.
400 പേജിലധികം വരുന്ന പുസ്തകങ്ങൾ അമ്മ മിനി ഒരു മൊബൈൽ ഫോണിൽ സ്‌കാൻ ചെയ്ത് പഠിക്കുന്നതിനായി ഗൂഗിൾ ഡ്രൈവിൽ അപ്പ്ലോഡ് ചെയ്തുനൽകി. ശ്രീകുമാറിന് കൂടുതൽ മണിക്കൂർ തുടർച്ചയായി ഇരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ലാപ്‌ടോപ്പ് പിടിക്കാൻ വീൽചെയറിൽ ഒരു പ്രത്യേക സ്റ്റാൻഡ് ഉറപ്പിച്ചു നൽകി,അവന്റെ ഉയരത്തിന് അനുയോജ്യമായ ഒരു മേശയും പ്രത്യേകം നിർമ്മിച്ചു. കിടക്കയിൽ വായിക്കുമ്പോൾ പോലും, ഇരിപ്പ് ലഘൂകരിക്കാൻ സുഖപ്രദമായ ഒരു സ്റ്റാൻഡും സപ്പോർട്ടീവ് തലയണകളും ക്രമീകരിച്ചികൊണ്ടും അച്ഛൻ രാജനും അമ്മ മിനിയും മകന്റെ സ്വപ്നങ്ങൾക്ക് ശക്തമായ പിന്തുണയേകി.
ക്രൈസ്റ്റ് കോളജ് പഠനകാലത്ത് നേടിയ ഉപകരണങ്ങളും അറിവും ഉപയോഗിച്ച് ശ്രീകുമാർ സിഎ പരീക്ഷകൾ എഴുതി. അവസാന പരീക്ഷകളിൽ,അദ്ദേഹത്തിന്റെ കസിൻ അനന്തകൃഷ്ണൻ (ബി.ടെക് വിദ്യാർത്ഥി) അദ്ദേഹത്തോടൊപ്പം നിന്നു. പഴയ സിഎ സ്‌കീമിൽ ചേർന്ന ശ്രീകുമാർ വർഷങ്ങളുടെ സമർപ്പണത്തിനുശേഷം 2023 ൽ പരീക്ഷകളിൽ വിജയിച്ചു. പ്രാദേശിക ചാർട്ടേഡ് അക്കൗണ്ടന്റ് ടി.ഡി ജോൺസിന്റെ കീഴിൽ മൂന്ന് വർഷത്തെ ആർട്ടിക്കിൾഷിപ്പും പൂർത്തിയാക്കി.
മാങ്കിടിയിൽ വി.എച്ച്.എസ്.എസി.ൽ പ്ലസ്.ടു പൂർത്തിയാക്കിയ ശ്രീകുമാർ ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജിൽ നിന്ന് ഫിനാൻസിൽ ബികോം ബിരുദവും നേടി. പ്ലസ്ടു വരെ പരസഹായമില്ലാതെ ശ്രീകുമാർ എല്ലാ പരീക്ഷകളും എഴുതി. അക്കൗണ്ടൻസി മേഖലയിൽ സ്വന്തമായി പരിശീലനവും നൈപുണ്യ വികസനവും ആരംഭിക്കണം എന്ന ആഗ്രഹവുമായി വിജയത്തിളക്കത്തോടെ മുന്നേറുകയാണ് ശ്രീകുമാർ. അദ്ദേഹത്തെ അഭിനന്ദിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.