'ഓരോന്നിനും അതിന്റേതായ സമയമുണ്ട് ദാസാ...'; ഓർക്കണം, ഓർത്തിരുന്നേ പറ്റൂ ഈ ശ്രീനിയെ...
നാടോടിക്കാറ്റ്, ചിന്താവിഷ്ടയായ ശ്യാമള, സന്ദേശം തുടങ്ങിയ നിരവധി ചിത്രങ്ങളിലെ ശ്രീനിവാസന്റെ കഥാപാത്രങ്ങൾ മലയാളികൾ എന്നും നെഞ്ചിലേറ്റുന്നതാണ്.
കൊച്ചി: 'ഓരോന്നിനും അതിന്റേതായ സമയമുണ്ട് ദാസാ...'- എന്ന നാടോടിക്കാറ്റ് സിനിമയിലെ ഡയലോഗ് ഒരിക്കൽപ്പോലും വായിൽ വരാത്ത, ജീവിതത്തിൽ ഉപയോഗിക്കാത്ത മലയാളിയുണ്ടാവില്ല. മലയാളിയുടെ ജീവിതത്തോട് മാത്രമല്ല, ഭാഷാവൃത്യാസമില്ലാതെ എല്ലാ നാട്ടിലെയും മനുഷ്യരുടെ ജീവിതത്തോട് അത്രയേറെ ചേർന്നുകിടക്കുന്നൊരു ഡയലോഗാണത്. 'ഒരു മുത്തം തരാൻ പാടില്ലാന്നൊന്നും അന്റെ ഉപ്പൂപ്പ പറഞ്ഞിട്ടുണ്ടാവില്ലല്ലോ?', 'ഉത്തമാ മിണ്ടാതിരിക്ക്, സ്റ്റഡി ക്ലാസിലൊന്നും കൃത്യമായി വരാത്തതുകൊണ്ടാ നിനക്കൊന്നും മനസിലാവാത്തത്', 'പണക്കാരെ ബഹുമാനിക്കാൻ പഠിക്കെടോ' എന്നിങ്ങനെ എന്നും മലയാളികളോർക്കുന്ന ഒരുപാട് ഡയലോഗുകൾ പിറന്നത് ശ്രീനിവാസന്റെ നാവിലൂടെയായിരുന്നു.
ഇവയിൽ പലതും ശ്രീനിയുടെ തന്നെ തൂലികയിൽ പിറന്നവയാണ്. മലയാളിക്ക് എന്നും ഓർക്കാൻ കഴിയുന്ന നിരവധി കഥാപാത്രങ്ങൾക്ക് തൂലിക കൊണ്ടും അഭിനയം കൊണ്ടും ജന്മം നൽകിയ അതുല്യ കലാകാരനായിരുന്നു ശ്രീനി. ചിരിച്ചും ചിന്തിപ്പിച്ചും നാലരപ്പതിറ്റാണ്ടോളം മലയാള സിനിമയിലും പൊതുരംഗത്തും നിറഞ്ഞുനിന്ന അതുല്യ നടനാണ് അദ്ദേഹം. നാടോടിക്കാറ്റ്, ചിന്താവിഷ്ടയായ ശ്യാമള, സന്ദേശം തുടങ്ങിയ നിരവധി ചിത്രങ്ങളിലെ ശ്രീനിവാസന്റെ കഥാപാത്രങ്ങൾ മലയാളികൾ എന്നും നെഞ്ചിലേറ്റുന്നതാണ്.
ഇവ കൂടാതെ, ഫ്രണ്ട്സ്, നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം, പൊൻമുട്ടയിടുന്ന താറാവ്, കൺകെട്ട്, സന്മനസുള്ളവർക്ക് സമാധാനം എന്നിങ്ങനെയുള്ള എണ്ണമറ്റ ചിത്രങ്ങളിലൂടെ മലയാളികളെ കുടുകുടെ ചിരിപ്പിക്കുന്ന നിരവധി വേഷങ്ങളിൽ നിറഞ്ഞാടിയ ശ്രീനിവാസൻ, പലപ്പോഴും നായകന്മാരെ പോലും പിന്നിലാക്കുന്ന പ്രകടനങ്ങളാണ് കാഴ്ച വച്ചത്. ഫ്രണ്ട്സ് സിനിമയിലെ ശ്രീനിയുടെ ചിരി ഇന്നും മലയാളിയുടെ സ്വപ്നത്തിൽ പോലും കടന്നുവരും. കോമഡി വേഷങ്ങളിലായിരുന്നു അദ്ദേഹം കൂടുതൽ അഭിനയിച്ചിരുന്നതെങ്കിലും നായകനായും ഉപനായകനായും കാരക്ടർ റോളുകളിലും ശ്രീനിവാസൻ തന്റെ അഭിനയപാടവം പ്രദർശിപ്പിച്ചു.
ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, വടക്കുനോക്കിയന്ത്രം, കിളിച്ചുണ്ടൻമാമ്പഴം, ഉദയനാണ് താരം, കഥ പറയുമ്പോൾ, അറബിക്കഥ, മേഘം തുടങ്ങി നിരവധി ഹിറ്റ് സിനിമകളിലൂടെ തന്റെ അഭിനയമികവ് തെളിയിച്ച ശ്രീനിവാസൻ ചെയ്ത പല കഥാപാത്രങ്ങളും മലയാളിയുടെ കാപട്യത്തിന് നേരെ തുറന്നുവച്ച കണ്ണാടിയായിരുന്നു. സരസമായ സംഭാഷണ ശൈലിയും നർമം നിറഞ്ഞ ഡയലോഗുകളും വ്യത്യസ്തമായ മാനറിസങ്ങളും ശ്രീനിയെ പല തലമുറകളിലുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ മായാത്ത ശ്രീയായി നിലനിർത്തുന്നതാണ്.
ശ്രീനിവാസന്റെ ഒട്ടുമിക്ക വേഷങ്ങളും സിനിമകളും കേരളത്തിലെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നവയാണ്. പല സാധാരണ സാമൂഹിക പ്രശ്നങ്ങളും കുറിക്കുകൊള്ളുന്ന സംഭാഷണങ്ങൾ കൊണ്ടും അതിന്റെ സന്ദർഭപ്രാധാന്യം കൊണ്ടും അവിസ്മരണീയമാക്കുക എന്നത് ശ്രീനിവാസന്റെ സിനിമകളുടെ പ്രത്യേകതയാണ്.
വരവേൽപ്പ്, നാടോടിക്കാറ്റ്, സന്ദേശം, വടക്കുനോക്കിയന്ത്രം തുടങ്ങി നിരവധി ഹിറ്റ് സിനിമകൾക്ക് പേന ചലിപ്പിച്ച ശ്രീനിവാസന്റെ രചനാ വൈഭവത്തിന്റെ വാസന അന്നും ഇന്നും എന്നും മലയാളക്കരയാകെ നിറഞ്ഞുനിൽക്കും. 'മറക്കണം, മറന്നേ പറ്റൂ, ഓർമിക്കാൻ വേണ്ടി ഞാനിപ്പോൾ ആർക്കും ഒന്നും ചെയ്തുകൊടുക്കാറില്ല'- എന്ന് 'പൊൻമുട്ടയിടുന്ന താറാവി'ൽ ശ്രീനി പറഞ്ഞിട്ടുങ്കിലും മലയാളികൾ അദ്ദേഹത്തെ ഓർക്കണം, ഓർത്തിരുന്നേ പറ്റൂ... കാരണം, ഓർമിക്കാൻ വേണ്ടി ശ്രീനിവാസൻ മലയാള സിനിമയ്ക്ക് ഒരുപാട് ചെയ്തിട്ടുണ്ട്...