ശ്രീനിവാസൻ വധക്കേസ്: മൂന്നു പേർ കൂടി അറസ്റ്റിൽ

ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 16 ആയി

Update: 2022-05-01 15:00 GMT
Advertising

പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ മൂന്നു പേർ കൂടി അറസ്റ്റിൽ. പാലക്കാട് പള്ളിപറമ്പ് സ്വദേശി നിഷാദ് (38), അക്ബർ, അബ്ബാസ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയതിനാണ് അറസ്റ്റ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 16 ആയി. കേസിൽ ആറംഗ കൊലയാളി സംഘത്തിലെ മൂന്നു പേരും ഗൂഡാലോചനയിൽ പങ്കാളികളായ പത്ത് പേരും നേരത്തെ അറസ്റ്റിലായിരുന്നു.

എതിരാളികളുടെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്തിയ കേരളത്തിലെ ആദ്യ കൊലപാതകമാണ് പാലക്കാട്ടെ ശ്രീനിവാസൻ വധക്കേസെന്ന് പൊലീസ് കോടതിയിൽ പറഞ്ഞിരുന്നു. കൊല്ലേണ്ടവരുടെ പട്ടിക തയ്യാറാക്കിയത് ഉൾപ്പെടെ വിശദമായ അന്വേഷണം ആവശ്യമുണ്ടെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ പറയുന്നു. മുഹമ്മദ് ബിലാൽ, റിയാസുദീൻ എന്നിവർ ഗൂഢാലോചനയിലും ആയുധങ്ങൾ പ്രതികൾക്ക് നൽകുന്നതിലും സഹായിയായി പ്രവർത്തിച്ചു. ആയുധങ്ങൾ എത്തിച്ചു നൽകിയത് സഹദാണ്. മുഹമ്മദ് റിസ്വാൻ പ്രതികളുടെ മൊബൈൽ ഫോണുകൾ ശേഖരിച്ച് തെളിവ് നശിപ്പിച്ചെന്നും പ്രതികൾക്ക് ജാമ്യം ലഭിച്ചാൽ ഒളിവിൽ കഴിയുന്ന പ്രതികൾക്ക് സഹായമാവുമെന്നും തെളിവ് നശിപ്പിക്കുമെന്നും പൊലീസ് കോടതിയിൽ അറിയിച്ചു.

ഏപ്രിൽ 16ന് ഉച്ചയ്ക്കാണ് ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖായിരുന്ന ശ്രീനിവാസനെ ഒരുസംഘം കടയിൽ കയറി വെട്ടിക്കൊന്നത്. വിഷുദിനത്തിൽ കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

പാലക്കാട്ടെ പോപ്പുലർഫ്രണ്ട് നേതാവായ സുബൈർ വധക്കേസിൽ രണ്ട് പേർ കൂടി ഏപ്രിൽ 29ന് അറസ്റ്റിലായിരുന്നു. ആർ.എസ്.എസ് പ്രവർത്തകരായ ഇരട്ടക്കുളം സ്വദേശി വിഷ്ണു, കഞ്ചിക്കോട് ഖണ്ഡ് കാര്യവാഹകും അട്ടപ്പള്ളം സ്വദേശിയുമായ മനു എന്നിവരാണ് അറസ്റ്റിലായത്. വിഷ്ണു എസ്.ഡി.പി.ഐ പ്രവർത്തകനായ സക്കീർ ഹുസൈൻ വധശ്രമ കേസിലെ പ്രതിയാണ്. ഗൂഢാലോചനയിൽ പങ്കെടുത്തയാളാണ് മനു. ഏപ്രിൽ 15ന് ഉച്ചക്ക് നടന്ന കൊലപാതകത്തിൽ മൂന്നു പേരെയാണ് മുമ്പ്‌ അറസ്റ്റ് ചെയ്തിരുന്നത്.

Srinivasan murder case: Three more arrested

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News