'സംഘടനക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തി'; കർണാടക സ്പീക്കർ യു.ടി ഖാദറിനെതിരെ എസ്എസ്എഫ്

അംഗങ്ങൾ സംഘടനക്ക് അപകീർത്തികരമായ പ്രവൃത്തികളിൽ ഏർപ്പെട്ടുവെന്ന് സൂചിപ്പിക്കുന്ന "തെറ്റായ സന്ദേശം" നൽകിയത് നിരവധി അംഗങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെന്ന് എസ്‌എസ്‌എഫ് നേതാക്കൾ പറഞ്ഞു.

Update: 2025-07-07 01:00 GMT

ബംഗളൂരു: കർണാടക നിയമസഭാ സ്പീക്കർ യു.ടി ഖാദർ സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷൻ (എസ്.എസ്.എഫ്) കർണാടക അംഗങ്ങൾക്കെതിരെ അടിസ്ഥാനരഹിതമായ പ്രസ്താവനകൾ നടത്തിയെന്ന് ആക്ഷേപം. ഖാദറിന്റെ പ്രസംഗത്തിന്റെ സ്വരത്തിലും ഉള്ളടക്കത്തിലും അതൃപ്തി പ്രകടിപ്പിച്ചും പ്രസ്താവനകൾ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും എസ്എസ്എഫ് സംസ്ഥാന കമ്മിറ്റി സ്പീക്കർക്ക് കത്തയച്ചു.

ബംഗളൂരുവിൽ എസ്എസ്എഫ് കർണാടക സംഘടിപ്പിച്ച 'ഹാർമണി വാക്ക്' സമാപന ചടങ്ങിൽ ഖാദർ നടത്തിയ പ്രസംഗമാണ് വിവാദത്തിന് കാരണമായത്. തന്റെ പ്രസംഗത്തിൽ സംഘടനയുടെ നല്ല പ്രവർത്തനങ്ങളെ അം​ഗീകരിക്കുന്നുവെന്ന് പറഞ്ഞ ഏതാനും അംഗങ്ങളുടെ ചില പ്രവർത്തനങ്ങൾ എസ്എസ്എഫിന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. അത്തരം പെരുമാറ്റം വെച്ചുപൊറുപ്പിക്കരുതെന്ന് അദ്ദേഹം നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Advertising
Advertising

എന്നാൽ എസ്‌എസ്‌എഫ് നേതൃത്വം രൂക്ഷമായാണ് ഇതിനോട് പ്രതികരിച്ചത്. എസ്‌എസ്‌എഫ് അംഗങ്ങൾ സംഘടനക്ക് അപകീർത്തികരമായ പ്രവൃത്തികളിൽ ഏർപ്പെട്ടുവെന്ന് സൂചിപ്പിക്കുന്ന "തെറ്റായ സന്ദേശം" നൽകിയത് നിരവധി അംഗങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെന്ന് നേതാക്കൾ പറഞ്ഞു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ ചോദ്യം ചെയ്യാൻ പൗരന്മാർക്ക് അവകാശമുണ്ടെന്നും എസ്എസ്എഫ് അവരുടെ കത്തിൽ സ്പീക്കറെ ഓർമിപ്പിച്ചു. രാഷ്ട്രീയക്കാർ, പ്രത്യേകിച്ച് മതേതരരാണെന്ന് അവകാശപ്പെടുകയും വർഗീയ അക്രമ സംഭവങ്ങളിൽ മൗനം പാലിക്കുകയും ചെയ്യുന്നവരോട് എസ്എസ്എഫ് അംഗങ്ങൾ ഉന്നയിക്കുന്ന സമൂഹ മാധ്യമ പോസ്റ്റുകളോ പൊതു ചോദ്യങ്ങളോ ജനാധിപത്യ മാനദണ്ഡങ്ങൾക്കുള്ളിൽ നിന്നുള്ളതാണെന്നും അവയെ അനാദരവോ ലജ്ജാകരമോ ആയി കാണരുതെന്നും കത്തിൽ പറഞ്ഞു.



മുസ്‌ലിം സമുദായത്തിലെ ചെറുപ്പക്കാരിൽ നിന്നുള്ള ന്യായമായ വിമർശനങ്ങളെ കളങ്കപ്പെടുത്താനുള്ള ശ്രമമായി കണ്ടതിനെ കമ്മിറ്റി ശക്തമായി എതിർത്തു. “ഈ ആശങ്കകളെ സമൂഹത്തിന് നാണക്കേടാണെന്ന് മുദ്രകുത്തുന്നത് അന്യായം മാത്രമല്ല, നിരുത്തരവാദപരവുമാണ്,” കത്തിൽ പറയുന്നു. ജനങ്ങളിൽ നിന്ന് പ്രതികരണങ്ങളും എതിർപ്പുകളും പോസിറ്റീവായി സ്വീകരിക്കേണ്ടത് സ്പീക്കറുടെ ഉത്തരവാദിത്തമാണ്. എസ്എസ്എഫിന്റെ ഹാർമണി വാക്ക് പോലുള്ള പൊതുവേദിയിൽ അടിസ്ഥാനമില്ലാതെ ഇത്തരം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് സംഘടനയെ മോശമായി ചിത്രീകരിക്കുകയേ ഉള്ളൂ എന്ന് കത്തിൽ കൂട്ടിച്ചേർത്തു.

എസ്‌എസ്‌എഫ് അംഗങ്ങൾ അനുചിതമായി പെരുമാറിയെന്ന സ്പീക്കറുടെ സൂചന തള്ളിക്കളഞ്ഞ കമ്മിറ്റി, സംഘടന ഒരിക്കലും ഒരു നിയമവും ലംഘിച്ചിട്ടില്ലെന്നും നിയമവിരുദ്ധമായ ഒത്തുചേരലുകൾ നടത്തിയിട്ടില്ലെന്നും വിദ്വേഷം നിറഞ്ഞ പ്രസംഗങ്ങൾ നടത്തിയിട്ടില്ലെന്നും വ്യക്തമാക്കി. അത്തരം പരാമർശങ്ങൾക്ക് കാരണമായേക്കാവുന്ന ഏതെങ്കിലും ഔദ്യോഗിക പരാതികളോ നടപടികളോ സംഘടനക്കെതിരെ എപ്പോഴെങ്കിലും ആരംഭിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News