ഫോക്കസ് ഏരിയ മാത്രം പഠിച്ചാൽ ഇനി 'എപ്ലസ്' കിട്ടില്ല; ചോദ്യപേപ്പർ മാതൃക പുറത്ത്

70 ശതമാനം മാർക്കിനുള്ള ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽനിന്നും30 ശതമാനം മാർക്കിനുള്ള ചോദ്യങ്ങൾ ഇതിന് പുറത്തുള്ള പാഠഭാഗങ്ങളിൽ നിന്നുമായിരിക്കും

Update: 2022-01-19 08:15 GMT
Editor : Lissy P | By : Web Desk
Advertising

മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടക്കുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് ഫോക്കസ് ഏരിയ സമ്പ്രദായം അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യപേപ്പർ മാതൃക വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടു. എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിലൂടെയാണ് വിവിധ മാർക്കിലുള്ള ചോദ്യപേപ്പറുകളുടെ മാതൃക പ്രസിദ്ധീകരിച്ചത്. കഴിഞ്ഞദിവസം വിദ്യാഭ്യാസമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ചോദ്യപേപ്പർ പാറ്റേൺ ഔദ്യോഗികമായി പ്രസിദ്ധീകരിക്കാൻ എസ്.സി.ഇ.ആർ.ടിക്ക് നിർദേശം നൽകിയത്. 60 ശതമാനം പാഠഭാഗങ്ങളാണ് പരീക്ഷയിൽ ഊന്നൽ നൽകുന്ന മേഖലയായി നിശ്ചയിച്ചത്. ഇതിൽനിന്ന് പരീക്ഷയിൽ 70 ശതമാനം ചോദ്യങ്ങളുണ്ടാകും. ചോദ്യപേപ്പറിൽ 50 ശതമാനം ചോദ്യങ്ങൾ കുട്ടികൾക്ക് തെരഞ്ഞെടുത്ത് എഴുതാനായി അധികമായി നൽകാനും തീരുമാനിച്ചിരുന്നു. 50 ശതമാനം ചോദ്യങ്ങൾ ഇത്തരത്തിൽ ചോയ്‌സ് മാതൃകയിൽ വരുന്നതോടെ പരമാവധി മാർക്കിന് ഉത്തരമെഴുതാനുള്ളചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്നുതന്നെ വരുമെന്നായിരുന്നു വിദ്യാർഥിക ളുടെയും അധ്യാപകരുടെയും പ്രതീക്ഷ. എന്നാൽ, ചോദ്യപേപ്പർ മാതൃക പുറത്തുവന്നതോടെ 70 ശതമാനം മാർക്കിനുള്ള ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽനിന്നും30 ശതമാനം മാർക്കിനുള്ള ചോദ്യങ്ങൾ ഇതിന് പുറത്തുള്ള പാഠഭാഗങ്ങളിൽ നിന്നു മാണെന്ന് വ്യക്തമായി.

80 മാർക്കിന് ഉത്തരമെഴുതേണ്ട ചോദ്യപേപ്പറിൽ ചോയ്‌സ് ഉൾപ്പെടെ 120 മാർക്കിനുള്ള ചോദ്യമുണ്ടാകുമെങ്കിലും ഫോക്കസ് ഏരിയയിൽനിന്ന് 56 മാർക്കിന് മാത്രമേ ഉത്തരമെഴുതാനാകൂ.
40 മാർക്കിൻറെ ചോദ്യപേപ്പറിൽ 60 മാർക്കിനുള്ള ചോദ്യമുണ്ടാകുമെങ്കിലും 28 മാർക്കിനായിരിക്കും ഫോക്കസ് ഏരിയ ചോദ്യങ്ങൾ.
60 മാർക്കിനുള്ള ചോദ്യപേപ്പറിൽ90 മാർക്കിനുള്ള ചോദ്യമുണ്ടാകുമെങ്കിലും 42 മാർക്കിനായിരിക്കും ഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യം.

കോവിഡ് പ്രതിസന്ധി മൂലം മിക്ക വിഷയങ്ങളും പകുതി മാത്രമേ പഠിപ്പിച്ചുതീർന്നിട്ടൊള്ളൂ.ഓഫ്‌ലൈനും ഓൺലൈനുമായാണ് പല സ്‌കൂളുകളിലും പഠനം നടക്കുന്നത്. ഇനി ആകെയുള്ളത് രണ്ടര മാസം മാത്രമാണ്. ഈ സമയം കൊണ്ട് മുഴുവൻ പാഠഭാഗങ്ങളും പഠിപ്പിച്ചു തീർക്കാൻ സാധിക്കുമോ എന്ന ആശങ്കയിലാണ് അധ്യാപകർ. പുസ്തകം മുഴുവൻ പഠിച്ചാൽ മാത്രമേ ഇനി മാർക്ക് കിട്ടൂ എന്നതിനാൽ വിദ്യാർഥികളും ആശങ്കയിലാണ്. അധ്യന വർഷത്തിന്റെ തുടക്കത്തിൽ ഫോക്കസ് ഏരിയയിൽ നിന്നുമാത്രമാകും ചോദ്യമുണ്ടാകുക എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ പരീക്ഷകൾക്ക് തൊട്ടുമുമ്പ് ഇത്തരത്തിലുള്ള മാറ്റം വിദ്യാർഥികളെയും കുഴക്കുന്നുണ്ട്.

കഴിഞ്ഞവർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എ പ്ലസുകാരുടെ എണ്ണം മൂന്നിരട്ടിയോളം വർധിച്ചത് പ്ലസ് വൺ, ബിരുദ പ്രവേശനത്തിൽ വൻ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ഫോക്കസ് ഏരിയ ചോദ്യങ്ങൾ നിയന്ത്രിക്കാൻ തീരുമാനിച്ചത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News