മുനമ്പം പ്രശ്നം സങ്കീർണമാക്കിയത് സംസ്ഥാന സർക്കാർ : റസാഖ് പാലേരി

മുസ്‌ലിം - ക്രിസ്ത്യൻ സമൂഹങ്ങൾക്കിടയിൽ സംഘർഷം ലക്ഷ്യംവെച്ചവരാണ് വിഷയത്തെ രണ്ട് സമുദായങ്ങൾക്കിടയിലെ പ്രശ്നമാക്കി മാറ്റാൻ ശ്രമിച്ചത്. ഇത്തരം ഒരു ഉദ്ദേശ്യം സംസ്ഥാന സർക്കാരിനും ഉണ്ടായിരുന്നോ എന്ന് സംശയിക്കേണ്ടി വരുമെന്ന് റസാഖ് പാലേരി പറഞ്ഞു.

Update: 2025-05-01 14:33 GMT

എടവനക്കാട്: സാമുദായിക ധ്രുവീകരണത്തിന് അവസരമൊരുക്കാതെ മുനമ്പം പ്രശ്നം പരിഹരിക്കാൻ അവസരം ഉണ്ടായിരുന്നിട്ടും അതുപയോഗിക്കാതെ സംഘ്പരിവാറിൻ്റെ വിദ്വേഷ പ്രവർത്തനങ്ങൾക്ക് വിട്ട് കൊടുത്തത് സംസ്ഥാന സർക്കാരാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. സാഹോദര്യ കേരള പദയാത്രക്ക് വൈപ്പിൻ മണ്ഡലത്തിൽ നൽകിയ സ്വീകരണ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുനമ്പത്ത് വീടുവെച്ച് താമസിക്കുന്ന സാധാരണക്കാരുടെ ആശങ്കകൾ കണക്കിലെടുത്ത് സർക്കാർ മുൻകയ്യിൽ ചർച്ച നടത്തി പരിഹാരം ഉണ്ടാക്കുകയാണ് വേണ്ടത്. മുനമ്പത്തെ വഖഫ് ഭൂമിയിലെ സാധാരണക്കാരെ ഒഴിപ്പിക്കാത്ത രീതിയിൽ പ്രശ്നപരിഹാരത്തിന് തയ്യാറാണെന്ന് മുസ്‌ലിം സമുദായ സംഘടനകൾ പല പ്രാവശ്യം സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടും അത്തരത്തിൽ ഒരു ചർച്ചക്ക് സർക്കാർ ശ്രമിച്ചില്ല.

Advertising
Advertising

മുസ്‌ലിം - ക്രിസ്ത്യൻ സമൂഹങ്ങൾക്കിടയിൽ സംഘർഷം ലക്ഷ്യംവെച്ചവരാണ് വിഷയത്തെ രണ്ട് സമുദായങ്ങൾക്കിടയിലെ പ്രശ്നമാക്കി മാറ്റാൻ ശ്രമിച്ചത്. ഇത്തരം ഒരു ഉദ്ദേശ്യം സംസ്ഥാന സർക്കാരിനും ഉണ്ടായിരുന്നോ എന്ന് സംശയിക്കേണ്ടി വരും.

മുസ്‌ലിം - ക്രൈസ്തവ സമൂഹങ്ങളെ തമ്മിലടിപ്പിക്കാനാണ് ബിജെപി ശ്രമിച്ചത്. ഇതിൻ്റെ ഭാഗമായി സംഘ്പരിവാർ ഉയർത്തിവിട്ട തെറ്റിദ്ധാരണയിൽ ചിലർ വീണുപോയി. രാജ്യമെമ്പാടും ക്രൈസ്തവ വേട്ട നടത്തുന്ന സംഘ്പരിവാറിൻ്റെ യഥാർഥ മുഖം മനസ്സിലാക്കാതെ വഖഫ് ഭേദഗതി നിയമത്തിന് പിന്തുണ പ്രഖ്യാപിച്ചവർ ഇപ്പോൾ ബിജെപിയുടെ ധ്രുവീകരണ അജണ്ട തിരിച്ചറിഞ്ഞിട്ടുണ്ട്.

ഈ സന്ദർഭത്തിൽ വഖഫ് നിയമത്തെ ദുർബലപ്പെടുത്താതെ തന്നെ സാധാരണ താമസക്കാരുടെ വിഷയം ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് പരിഹരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് ഇതിന് സംവിധാനമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News