കാറിടിപ്പിച്ച് നിർത്താതെ പോയ സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറെയും കാർ ഡ്രൈവറേയും പൊലീസ് പിടികൂടിയിരുന്നു. ഇരുവരും മദ്യപിച്ചിരുന്നു.

Update: 2024-09-16 09:42 GMT

കൊല്ലം: മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്കൂട്ടർ യാത്രികരെ ഇടിച്ചു വീഴ്ത്തിയ കാർ റോഡിൽവീണ സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയ ശേഷം കടന്നുകളഞ്ഞ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ കൊല്ലം ജില്ലാ പൊലീസ് മേധാവി രണ്ടാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു.

അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ കാറിലുണ്ടായിരുന്നത്, ചെയ്യുന്ന തെറ്റിന്റെ ഗൗരവം നന്നായി മനസിലാവുന്ന ഒരു വനിതാ ഡോക്ടറാണെന്ന റിപ്പോർട്ടുകൾ അത്ഭുതപ്പെടുത്തുന്നതാണെന്ന് വി.കെ ബീനാകുമാരി പറഞ്ഞു.

Advertising
Advertising

കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറെയും ഡ്രൈവറേയും പൊലീസ് പിടികൂടിയിരുന്നു. ഇരുവരും മദ്യപിച്ചിരുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്.

ഇന്നലെ വൈകീട്ടായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ കാർ സ്‌കൂട്ടർ യാത്രികരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. സ്‌കൂട്ടറിൽനിന്ന് റോഡില്‍ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങുകയും ആളുകൾ ഓടിക്കൂടിയതോടെ നിർത്താതെ പോവുകയുമായിരുന്നു.

അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ(45) ആണ് മരിച്ചത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഫൗസിയ പരിക്കുകളോടെ ചികിത്സയിലാണ്.

വെളുത്തമണൽ സ്വദേശി അജ്മൽ ആണ് കാറോടിച്ചിരുന്നത്. വനിതാ ഡോക്ടറായ ശ്രീക്കുട്ടിയാണ് ഇയാളുടെ കൂടെയുണ്ടായിരുന്നത്. ശ്രീക്കുട്ടിയെ ഇന്നലെയും അജ്മലിനെ ശാസ്താംകോട്ട പതാരത്തുനിന്ന് ഇന്നു പുലർച്ചെയോടെയുമാണ് പിടികൂടിയത്.

അതേസമയം, കാർ അമിതവേഗത്തിലായിരുന്നു എന്ന് പരിക്കേറ്റ ഫൗസിയ പറഞ്ഞു. നിയന്ത്രണമില്ലാതെയാണ് കാർ വന്ന് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കുഞ്ഞുമോൾ കാറിന്റെ അടിയിലേക്ക് തെറിച്ചു വീണു. ഇതോടെ കാർ ശരീരത്തിലൂടെ കയറ്റിയിറക്കി. എതിർ ദിശയിലേക്ക് വീണതിനാലാണ് തന്റെ ജീവൻ തിരിച്ചുകിട്ടിയതെന്നും ഫൗസിയ കൂട്ടിച്ചേർത്തു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News