വയോധികനെ ആശുപത്രിയിലെത്തിച്ചത് ആറുകിലോമീറ്ററോളം ചുമന്ന്; ഇടമലക്കുടിയിലെ യാത്രാ ദുരിതത്തിന് ഇനിയും പരിഹാരമായില്ല
ഇതാദ്യമായല്ല ഇടമലക്കുടിയിൽ രോഗികളെ ചുമന്ന് മണിക്കൂറുകളോളം നടന്ന് ആശുപത്രിയിൽ എത്തിക്കുന്നത്
Update: 2025-09-17 11:38 GMT
ഇടുക്കി: ഇടുക്കി ഇടമലക്കുടിയിലെ യാത്രാ ദുരിതത്തിന് ഇനിയും പരിഹാരമായില്ല. പനി ബാധിച്ച വൃദ്ധനെ ആറുകിലോമീറ്ററോളം ചുമന്നാണ് ആനക്കുളത്ത് എത്തിച്ചത്. ആനക്കുളത്ത് നിന്നും ആംബുലൻസിൽ മാങ്കുളത്തെ ആശുപത്രിയിലേക്ക് മാറ്റി.
ഇടമലക്കുടി പ്രദേശവാസികളുടെ കാലങ്ങളായുള്ള ആവശ്യമാണ് യാത്രാ ദുരിതത്തിന് ഒരു പരിഹാരം. ഇതാദ്യമായല്ല രോഗികളെ ചുമന്ന് മണിക്കൂറുകളോളം നടന്ന് ആശുപത്രിയിൽ എത്തിക്കുന്നത്. ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ 28 ഉന്നതികളാണുള്ളത്.
സൊസൈറ്റിക്കുടിയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നുണ്ടെങ്കിലും കൂടലാർ, മീൻകുത്തി തുടങ്ങിയ ഭാഗങ്ങളിലുള്ളവർക്ക് ഇവിടെയെത്തുന്നതിന് ദീർഘദൂരം നടക്കേണ്ടി വരും. മൂന്നാറിൽ നിന്ന് സൊസൈറ്റിക്കുടി വരെ മാത്രമാണ് നിലവിൽ വാഹന സൗകര്യമുള്ളത്.