തെരുവുനായ വന്ധ്യംകരണം: അനുവദിച്ച രണ്ട് കോടി രൂപ വിനിയോഗിച്ചില്ല! പോർട്ടബിൾ എബിസി പദ്ധതി പാളി

സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 17 ലക്ഷം പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. 136 പേർ പേവിഷബാധയേറ്റ് മരിച്ചു

Update: 2026-10-21 05:29 GMT
Editor : Athulya | By : Web Desk

തിരുവനന്തപുരം: തെരുവുനായ്ക്കളെ വന്ധ്യംകരിക്കാൻ ലക്ഷ്യമിട്ടുള്ള പോർട്ടബിൾ അനിമൽ ബർത്ത് കൺട്രോൾ പദ്ധതി വ്യാപിപ്പിക്കാനുള്ള നീക്കം പാളി. പദ്ധതി നിർവഹണത്തിലെ വീഴ്ചകൾമൂലം ഏഴ് ജില്ലകളിൽ നടപ്പാക്കാനായി അനുവദിച്ച രണ്ട് കോടി രൂപ വിനിയോഗിച്ചില്ല.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കൊല്ലം, തൃശൂർ, എറണാകുളം, മലപ്പുറം, കണ്ണൂർ, പാലക്കാട്, കോട്ടയം ജില്ലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് മൃഗസംരക്ഷണ വകുപ്പ് ലക്ഷ്യമിട്ടത്. സ്ഥിരം എബിസി കേന്ദ്രങ്ങൾക്കുള്ള ഭൂമിയും അടിസ്ഥാനസൗകര്യങ്ങളും കണ്ടെത്തുന്നതിലെ പ്രയാസങ്ങൾക്കും പ്രാദേശിക എതിർപ്പുകൾക്കും പരിഹാരമായാണ് മൊബൈൽ യൂണിറ്റുകൾ ഒരുക്കിയത്. ശസ്ത്രക്രിയക്ക് ശേഷം 45 ദിവസത്തെ പരിചരണവും ആന്റിറാബീസ് വാക്സിനേഷനും നൽകി നായ്ക്കളെ പിടികൂടിയ സ്ഥലത്ത് തന്നെ വിടും. രാജ്യത്തെ ആദ്യത്തെ പോർട്ടബിൾ യൂണിറ്റായി 2025 ഒക്ടോബറിൽ നെടുമങ്ങാട് നഗരസഭയിൽ ആരംഭിച്ച പദ്ധതി ഒരു വർഷമായിട്ടും പ്രാരംഭഘട്ടത്തിലാണ്.

Advertising
Advertising

സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 17 ലക്ഷം പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. 136 പേർ പേവിഷബാധയേറ്റ് മരിച്ചു. ഈ വർഷം 2.18 ലക്ഷം പേർക്ക് കടിയേറ്റു. ഏറ്റവും കൂടുതൽ പേർക്ക് കടിയേറ്റത് തിരുവനന്തപുരത്താണ്. കഴിഞ്ഞ വർഷമാണ് ഏറ്റവും കൂടുതൽ പേർക്ക് കടിയേറ്റതും കൂടുതൽ പേർ മരിച്ചതും. തെരുവ് നായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം വർധിക്കുമ്പോഴും അധികാരികളുടെ അലംഭാവത്തിൽ പദ്ധതികൾ കടലാസിൽ ഒതുങ്ങുകയാണ്.

Full View

Tags:    

Writer - Athulya

contributor

Editor - Athulya

contributor

By - Web Desk

contributor

Similar News