ആരോ​ഗ്യവകുപ്പിൽ ആളില്ല; 746 ജീവനക്കാർ അവധിയെടുത്ത് വിദേശത്ത്

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 352 ആരോഗ്യ പ്രവർത്തകരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതായും രേഖകൾ വ്യക്തമാക്കുന്നു

Update: 2026-10-21 05:01 GMT
Editor : Athulya | By : Web Desk

തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ് മൂലം പ്രതിസന്ധിയാകുമ്പോഴും നൂറുകണക്കിന് ഉദ്യോഗസ്ഥർ ദീർഘകാല അവധിയെടുത്ത് വിദേശത്തേക്ക് പോകുന്നതായി റിപ്പോർട്ട്. വിവരാവകാശ രേഖകൾ പ്രകാരം 746 ജീവനക്കാരാണ് നിലവിൽ അവധിയെടുത്ത് വിദേശത്തേക്ക് പോയിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും നഴ്‌സിംഗ് ഓഫീസർമാരാണ്.

ഉദ്യോഗസ്ഥരുടെ അഭാവവും അനധികൃത അവധിയും മൂലം പല സർക്കാർ ആശുപത്രികളുടെയും പ്രവർത്തനം പ്രതിസന്ധിയിലായിട്ടുണ്ട്. ഈ സാഹചര്യത്തിനിടയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 352 ആരോഗ്യ പ്രവർത്തകരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതായും രേഖകൾ വ്യക്തമാക്കുന്നു.

Advertising
Advertising

662 നേഴ്സിങ് ഓഫീസർമാരും 19 ജൂനിയർ നേഴ്സുമാരും 37 മെഡിക്കൽ ഓഫീസർമാരുമാണ് ആകെ ലീവ് എടുത്തിരിക്കുന്നത്. ഇതിന് പുറമെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ഡെന്റൽ ഹൈജീനിസ്റ്റുകൾ, റേഡിയോഗ്രാഫർമാർ എന്നിവരും വിദേശത്തേക്ക് കടന്നവരിൽ ഉൾപ്പെടുന്നു.

അനധികൃതമായി ജോലിക്ക് ഹാജരാകാത്തതിനെ തുടർന്ന് 336 അസിസ്റ്റന്റ് സർജന്മാരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ഇതിൽ രണ്ട് ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാരും ഉൾപ്പെടുന്നു. വിജിലൻസ് അന്വേഷണത്തെ തുടർന്ന് 14 പേരെയും പിരിച്ചുവിട്ടിട്ടുണ്ട്.

അടിയന്തര സാഹചര്യം കണക്കിലെടുത്ത് ആരോഗ്യവകുപ്പ് 430 പേർക്ക് നിയമന ഉത്തരവ് നൽകിയെങ്കിലും നൂറിനടുത്ത് ഡോക്ടർമാർ മാത്രമാണ് ജോലിയിൽ പ്രവേശിക്കാൻ തയാറായത്.

ഉപരിപഠനത്തിനും ജോലി ആവശ്യങ്ങൾക്കുമായി ജീവനക്കാർക്ക് അഞ്ച് വർഷം വരെ ദീർഘകാല ലീവ് അനുവദിക്കുന്ന പതിവുണ്ട്. എന്നാൽ, ഒറ്റയടിക്ക് ഇത്രയധികം ജീവനക്കാർ വിദേശത്തേക്ക് പോയത് ആശുപത്രികളുടെ ദൈനംദിന പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് ആരോഗ്യമേഖല പൂർണമായും താറുമാറായെന്ന് കഴിഞ്ഞ നാല് മാസമായി പ്രതിപക്ഷം ശക്തമായ ആരോപണം ഉന്നയിച്ചുവരികയായിരുന്നു. ജീവനക്കാരുടെ കുറവുണ്ടാക്കുന്ന പ്രതിസന്ധിയെക്കുറിച്ച് വ്യാപക പരാതി ഉയരുന്നതിനിടെയാണ് വിവരാവകാശ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.

Full View

Tags:    

Writer - Athulya

contributor

Editor - Athulya

contributor

By - Web Desk

contributor

Similar News