ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌ക്കരണം; ഡ്രൈവിങ് സ്‌കൂൾ സംയുക്ത സമിതി സമരം കടുപ്പിക്കുന്നു
ബദല്‍ മാര്‍ഗത്തിലൂടെ കെ.എസ്.ആര്‍.ടി.സിയുടെ ഭൂമിയിലടക്കം ഗ്രൗണ്ടുകൾ തയ്യാറാക്കാന്‍ ഗതാഗത മന്ത്രി നിര്‍ദേശിച്ചെങ്കിലും സംവിധാനമൊരുക്കാനായിട്ടില്ല.
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂള്‍ സംയുക്ത സമിതി നടത്തുന്ന സമരം കടുപ്പിക്കുന്നു. ടെസ്റ്റ് തടയലിനൊപ്പം ഇന്ന് തലസ്ഥാനത്ത് സെക്രട്ടേറിയറ്റ് മാര്‍ച്ചും നടത്തും. ബദല്‍ മാര്‍ഗത്തിലൂടെ കെ.എസ്.ആര്‍.ടി.സിയുടെ ഭൂമിയിലടക്കം ഗ്രൗണ്ടുകൾ തയ്യാറാക്കാന്‍ ഗതാഗത മന്ത്രി നിര്‍ദേശിച്ചെങ്കിലും സംവിധാനമൊരുക്കാനായിട്ടില്ല..
ഈ മാസം രണ്ടാം തീയതി മുതലാരംഭിച്ചതാണ് ഡ്രൈവിങ് സ്കൂളുകാരുടെ സമരം. ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തില്‍ ഇളവ് പ്രഖ്യാപിച്ചെങ്കിലും സി.ഐ.ടിയു ഒഴികെ മറ്റ് സംഘടകനകളൊന്നും സമരത്തില്‍ നിന്ന് പിന്മാറിയിട്ടില്ല. ടെസ്റ്റുകളുടെ എണ്ണം 60 ആയെങ്കിലും ഉയര്‍ത്തണമെന്നതാണ് ഇപ്പോള്‍ സ്കൂളുകാര്‍ മുന്നോട്ട് വക്കുന്ന പ്രധാന ആവശ്യം.
ടെസ്റ്റ് തടയല്‍ സമരം കാരണം ഭൂരിഭാഗം കേന്ദ്രങ്ങളിലും സ്ലോട്ട് ലഭിച്ചവര്‍പോലും ഹാജരാകാത്തതും എം.വി.ഡിക്ക് തലവേദനയാകുന്നു. ചില ഉദ്യോഗസ്ഥരും ഡ്രൈവിങ് സ്കൂളുകാരൊപ്പം ചേര്‍ന്ന് ടെസ്റ്റ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി മന്ത്രി ആരോപണം ഉന്നയിച്ചിട്ടുണ്ട്.
വിട്ടുവീഴ്ച വേണ്ടാ എന്ന് തന്നെയാണ് മന്ത്രി കെ.ബി ഗണേഷ്കുമാറിന്റെ നിലപാട്. അതിനാലാണ് കെഎസ്ആര്‍ടിസിയുടെ ഭൂമിയില്‍ ഗ്രൗണ്ടൊരുക്കാന്‍ മന്ത്രി നിര്‍ദേശിച്ചത്. പക്ഷേ ഇത് സജ്ജമാക്കാനായിട്ടില്ല. വിദേശത്തുള്ള മന്ത്രി 15ന് തിരുവനന്തപുരത്തെത്തും. 23ന് സിഐടിയുവുമായി ചര്‍ച്ചയുണ്ടാകുമെന്നാണ് സംഘടന അറിയിച്ചത്. മറ്റ് സംഘടനകളെ കൂടി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സംയുക്ത സമിതി ഗതാഗത സെക്രട്ടറിയെ കണ്ട് ആവശ്യം ഉന്നയിച്ചിട്ടുണ്ട്.