പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം: വിദ്യാർഥി പിടിയിൽ
തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാർഥിയുടെ പേരിലാണ് വ്യാജ ഹാൾ ടിക്കറ്റ് ചമച്ചത്.
പത്തനംതിട്ട: നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം നടത്തിയ വിദ്യാർഥി പിടിയിൽ. വ്യാജ ഹാൾടിക്കറ്റുമായി തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ വിദ്യാർഥിയാണ് പിടിയിലായത്. ഇന്ന് ഉച്ചയോടെ പത്തനംതിട്ട തൈക്കാവ് വിഎച്ച്എസ്എസ് പരീക്ഷാ സെന്ററിലാണ് സംഭവം.
തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാർഥിയുടെ പേരിലായിരുന്നു വ്യാജ ഹാൾ ടിക്കറ്റ്. ഹാൾടിക്കറ്റ് പരിശോധനയിൽ തട്ടിപ്പ് കണ്ടുപിടിച്ച എക്‌സാം സെന്റർ ഉദ്യോഗസ്ഥൻ ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പത്തനംതിട്ട പൊലീസെത്തി വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തു. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ, ഹാൾടിക്കറ്റ് നൽകിയത് നെയ്യാറ്റിൻകരയിലെ അക്ഷയ സെൻ്റർ ജീവനക്കാരിയാണെന്ന് വിദ്യാർഥി മൊഴി നൽകി.
സംഭവത്തിൽ വ്യക്തത വരുത്താൻ അക്ഷയ സെന്റർ ജീവനക്കാരിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.