പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ ഫോട്ടോ പങ്കുവെച്ച കേസ്; കോണ്‍ഗ്രസ് നേതാവ് എന്‍. സുബ്രഹ്മണ്യനെ ഇന്ന് ചോദ്യം ചെയ്യും

ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് അയച്ചിരുന്നു

Update: 2025-12-29 05:40 GMT

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും സ്വര്‍ണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ചിത്രം പ്രചരിപ്പിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്മണ്യനെ ചേവായൂര്‍ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. കേസില്‍ നേരത്തെ കസ്റ്റഡിയില്‍ എടുത്ത് നോട്ടീസ് നല്‍കി വിട്ടയച്ചിരുന്നു. ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് പൊലീസ് നോട്ടിസ് നല്‍കിയത്.

പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ ചിത്രം പങ്കുവെച്ചതിന് ശനിയാഴ്ചയാണ് സുബ്രഹ്മണ്യനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. പിന്നാലെ വലിയ പ്രതിഷേധങ്ങളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തുകയും ചെയ്തു. ഇതിന് പിന്നാലെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഇന്ന് ചോദ്യം ചെയ്യലിനായി എത്തിച്ചേരണമെന്ന വ്യവസ്ഥയിലാണ് സ്‌റ്റേഷന്‍ ജാമ്യം അനുവദിച്ചത്.

വീട്ടില്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്തത്. സമൂഹത്തില്‍ കലാപാഹ്വാനം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസ്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News