വിങ്ങിപ്പൊട്ടി സുധീരനും ആന്‍റണിയും, അന്ത്യമോപചാരം അര്‍പ്പിച്ച് ആയിരങ്ങള്‍; ഒ.സി ഇനി ഓര്‍മ

രാഷ്ട്രീയമായി രണ്ട് ചേരികളിലായിരുന്നുവെങ്കിലും ഞങ്ങൾക്കിടയിലെ സൗഹൃദം എന്നും കാത്തു സൂക്ഷിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു

Update: 2023-07-18 18:27 GMT
Advertising

തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ വിങ്ങിപ്പൊട്ടി നേതാക്കൾ. എ.കെ ആന്റണിയും വി.എം സുധീരനും ഉമ്മൻചാണ്ടിയുടെ ഭൗതിക ദേഹത്തിനരികെ പൊട്ടിക്കരഞ്ഞു. ജഗതി പുതുപ്പള്ളി ഹൗസിൽ ആയിരങ്ങളാണ് അന്ത്യമോപചാരം അർപ്പിക്കാനായി ഒഴുകിയെത്തിയത്. ബംഗളൂരുവിൽ നിന്നും എയർ ആംബുലൻസിൽ തിരുവനന്തപരത്ത് എത്തിച്ച ഭൗതിക ദേഹം അദ്ദേഹത്തിന്റെ വസതിയായ പുതുപ്പള്ളി ഹൗസിലേക്കാണ് ആദ്യം കൊണ്ടുവന്നത്. ഇവിടെ ആയിരക്കണക്കിന് ആളുകൾ അദ്ദേഹത്തെ അവസാനമായി ഒരുനോക്കു കാണാൻ ഒഴുകിയെത്തി. ഇവിടെ നിന്നും പിന്നീട് ദർബാർ ഹാളിലേക്കാണ് ഭൗതിക ദേഹം കൊണ്ടു പോയത്. മുഖ്യമന്ത്രി പിണറായി വിജയൻ ദർബാർ ഹാളിലെത്തിയാണ് അന്ത്യമോപചാരം അർപ്പിച്ചത്.

രാഷ്ട്രീയമായി രണ്ട് ചേരികളിലായിരുന്നുവെങ്കിലും ഞങ്ങൾക്കിടയിലെ സൗഹൃദം എന്നും കാത്തു സൂക്ഷിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അനുശോചന പ്രസംഗത്തിനിടെ വികാരാധീനനായിരുന്നു മുഖ്യമന്ത്രി. ഉമ്മൻചാണ്ടിയുടെ നിര്യാണത്തിലൂടെ വലിയൊരു അധ്യായമാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥി സംഘടനാ രംഗത്ത് മുഴുകിയ ഉമ്മൻ ചാണ്ടി കേരളത്തിന്റെ രാഷ്ടീയ മണ്ഡലത്തിൽ സജീവമായിരുന്നു. അന്നത്തെ വിദ്യാർഥി യുവജന പ്രവർത്തകനെന്ന നിലയ്ക്കുള്ള വീറും വാശിയും ജീവിതത്തിന്റെ അവസാന കാലം വരെ നിലനിർത്താനും അതിനനുസരിച്ച് പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ദീർഘ കാലത്തെ നിയമസഭാ പ്രവർത്തനത്തിന്റെ അനുഭവവും വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രി എന്ന നിലയ്ക്കുള്ള അനുഭവവുമെല്ലാം രണ്ട് തവണ മുഖ്യമന്ത്രിയായപ്പോൾ ഭരണരംഗത്ത് തന്റെ പാഠവം തെളിയിക്കാൻ സഹായകരമായി. എല്ലാ ഘട്ടത്തിലും മനുഷ്യസ്‌നേഹപരമായ നിലപാട് അദ്ദേഹം സ്വീകരിച്ചിരുന്നു. തുടക്കം മുതലേ രാഷ്ട്രീയമായി ഞങ്ങൾ രണ്ട് ചേരിയിലായിരുന്നുവെങ്കിലും നല്ല സൗഹൃദം പുലർത്താൻ തുടക്കം മുതൽക്കേ ഞങ്ങൾക്ക് സാധിച്ചിരുന്നു. പൊതുവേ എല്ലാവരോടും നല്ല സൗഹൃദം പുലർത്തുന്ന സമീപനമായിരുന്നു ഉമ്മൻചാണ്ടിക്കുണ്ടായിരുന്നത്. കോൺഗ്രസിന്റെ നട്ടെല്ലായി തന്നെ പ്രവർത്തിച്ചുവന്ന ഉമ്മൻചാണ്ടി ഒരുഘട്ടത്തിൽ കോൺഗ്രസിന്റെ അനിഷേധ്യനായ നേതാവായി മാറി. ഉമ്മൻചാണ്ടിയുടെ വിയോഗം കേരളത്തിന്റെ തീരാനഷ്ടമാണ്. മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News