Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
തൃശൂര്‍: വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്റെ ആവശ്യങ്ങള്‍ മുഴുവന്‍ പാര്‍ട്ടിക്ക് നിര്‍വഹിക്കാനാവില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കുടുംബവുമായി ഉണ്ടാക്കിയ കരാര്‍ ആരംഭത്തില്‍ തന്നെ തെറ്റാണെന്നും അങ്ങനെയൊരു കരാര്‍ തന്നെ നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.
'പാര്‍ട്ടി അവരെ സഹായിക്കുന്നുണ്ട്, സഹായിച്ചിട്ടുണ്ട്. അത് കരാറിന്റെയും കേസിന്റെയും അടിസ്ഥാനത്തില്‍ അല്ല. ഒരു കോണ്‍ഗ്രസ് കുടുംബത്തെ സഹായിക്കാനുള്ള വിശാലമനസ്‌കതയുടെ അടിസ്ഥാനത്തിലാണ് അവരെ സഹായിച്ചത്.
എം എന്‍ വിജയന്റെ കുടുംബത്തെ പരമാവധി സഹായിക്കുക എന്നുള്ളതാണ് കോണ്‍ഗ്രസിന്റെ ആഗ്രഹം. അവര്‍ ആഗ്രഹിക്കും വിധമുള്ള സഹായം നല്‍കാന്‍ കോണ്‍ഗ്രസിന്റെ കയ്യില്‍ പണമില്ല. കോണ്‍ഗ്രസ് ഇപ്പോള്‍ പൈസ ഉണ്ടാക്കുന്നത് പഞ്ചായത്ത് ഇലക്ഷന് വേണ്ടിയാണ്, ' സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം, ഇന്ന് ഉച്ചക്കാണ് എന്‍.എം വിജയന്റെ മരുമകള്‍ പത്മജ ജീവനൊടുക്കാന്‍ ശ്രമിച്ചത്. കോണ്‍ഗ്രസിനെതിരെ ആത്മഹത്യ കുറിപ്പ് എഴുതിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. 'കൊലയാളി കോണ്‍ഗ്രസ്സേ... നിനക്കിതാ ഒരു ഇര കൂടി' എന്നാണ് ആത്മഹത്യ കുറിപ്പില്‍ പത്മജ കുറിച്ചത്.
കോണ്‍ഗ്രസ് പാര്‍ട്ടി വഞ്ചിച്ചെന്നും പാര്‍ട്ടിയില്‍ വിശ്വാസം നഷ്ടപെട്ടന്നും പത്മജ ഇന്നലെ പറഞ്ഞിരുന്നു. സാമ്പത്തിക ബാധ്യത വീട്ടാമെന്ന് കെപിസിസി നേതൃത്വത്തിന്റെ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നായിരുന്നു പരാതി. രണ്ടരക്കോടി രൂപയുടെ ബാധ്യത വീട്ടാമെന്ന് പറഞ്ഞ് പാര്‍ട്ടി നേതൃത്വം വീണ്ടും വഞ്ചിച്ചുവെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നുമായിരുന്നു പത്മജ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.