'സല്യൂട്ട് ചെയ്യിപ്പിച്ചു എന്ന പ്രയോഗം ഉന്നംവെച്ച്, ഇത് അസുഖം വേറെയാണ്': സുരേഷ് ഗോപി

കാക്കിയിട്ടയാള്‍ ആരെയും സല്യൂട്ട് ചെയ്യേണ്ട എന്നാണ് തന്‍റെ അഭിപ്രായമെന്ന് സുരേഷ് ഗോപി

Update: 2021-09-15 12:12 GMT

ഒല്ലൂര്‍ എസ്ഐയെ വാഹനത്തില്‍ നിന്ന് വിളിച്ചുവരുത്തി സല്യൂട്ടടിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി എംപി. ഇവിടെ സല്യൂട്ടല്ല പ്രശ്നം. ഇന്നലത്തെയും ഇന്നത്തെയും എന്‍റെ ആക്റ്റിവിറ്റി കണ്ടിട്ടുള്ള അസുഖമാണ്. അതിന് ചികിത്സയില്ല. പരാതിയുള്ളവര്‍ രാജ്യസഭാ ചെര്‍മാനോട് പറയട്ടെ എന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം. 

"സല്യൂട്ട് ചെയ്യിപ്പിച്ചു എന്ന് പറയുന്ന പ്രയോഗം തന്നെ ഉന്നം വെച്ചാണ്. അത് ഇന്നലത്തെയും ഇന്നത്തെയും എന്‍റെ ആക്റ്റിവിറ്റി കണ്ടിട്ടുള്ള അസുഖമാണ്. ആ അസുഖത്തിന് ചികിത്സയില്ല. അതുതനിയെ ചികിത്സിച്ചാ മതി. വളരെ സൌമ്യമായാണ് ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചത്. സാര്‍ എന്ന് വിളിച്ചാണ് സംസാരിച്ചത്. വണ്ടി കൊണ്ടുവന്ന് എന്‍റെ മുന്‍പിലിട്ട് അതിലിരുന്നു. പൊലീസ് വണ്ടിയാണെന്ന് മനസ്സിലായില്ല. ഫോറസ്റ്റിന്‍റെ വണ്ടിയാണെന്നാണ് ഞാന്‍ കരുതിയത്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തില്‍ മരം വെട്ടിയിട്ടത് മാറ്റാന്‍ പറയാനായി വണ്ടിയിലുള്ളവരെ വിളിക്കാന്‍ ഞാന്‍ പറഞ്ഞു. അപ്പോഴാണ് ഒല്ലൂര്‍ പൊലീസിന്‍റെ വണ്ടിയാണെന്ന് മനസ്സിലായത്. എസ്ഐയോ സിഐയോ ഉണ്ടെങ്കില്‍ വിളിക്കാന്‍ പറഞ്ഞു. ഇത്രയും നേരം വണ്ടിയിലിരുന്നിട്ട് എസ്ഐ ഇറങ്ങിവന്നപ്പോള്‍ ഞാന്‍ പറഞ്ഞു.. ഞാന്‍ എംപിയാണ്, എനിക്ക് സല്യൂട്ടിന് അര്‍ഹതയുണ്ട്. സൌമ്യമായാണ് ഞാന്‍ പറഞ്ഞത്. അദ്ദേഹം സല്യൂട്ട് ചെയ്തു, ഞാന്‍ തിരിച്ചും. അതിലെന്തെങ്കിലും ഉണ്ടെങ്കില്‍ എന്‍റെ രാജ്യസഭാ ചെയര്‍മാനെ അറിയിക്കൂ. അദ്ദേഹമാണെന്‍റെ ലീഡര്‍"

Advertising
Advertising

എംപിക്കും എംഎല്‍എക്കും സല്യൂട്ട് ചെയ്യണമെന്ന് പ്രോട്ടോകോളില്ല എന്ന പൊലീസ് അസോസിയേഷന്‍റെ പ്രതികരണം ചൂണ്ടിക്കാട്ടിയപ്പോള്‍ കാക്കിയിട്ടയാള്‍ ആരെയും സല്യൂട്ട് ചെയ്യേണ്ട എന്നാണ് തന്‍റെ അഭിപ്രായമെന്ന് സുരേഷ് ഗോപി പറഞ്ഞു. അവന്‍ അവന്‍റെ ജോലി കൃത്യമായി ചെയ്താല്‍ മതി. അത് ബ്രിട്ടീഷുകാരുടെ സമ്പ്രദായമാണ്. നാട്ടിലിങ്ങനെയൊരു സമ്പ്രദായമുണ്ടെങ്കില്‍ പാലിക്കപ്പെടണം. സല്യൂട്ടല്ല പ്രശ്നം. അത്രയും നേരം എന്‍റെ മുന്‍പിലൊരു വണ്ടി കൊണ്ടുവന്നിട്ടിട്ട് അതില്‍ തന്നെ ഇരിക്കുന്ന ഉദ്യോഗസ്ഥന്‍റെ സാമാന്യ മര്യാദയില്ലേ? താന്‍ ക്ഷോഭിച്ചില്ലല്ലോ. സൌമ്യമായിട്ടല്ലേ പറഞ്ഞത്? അതിലെന്താ തെറ്റെന്നാണ് സുരേഷ് ഗോപിയുടെ ചോദ്യം.

സുരേഷ് ഗോപി പുത്തൂരിൽ ചുഴലിക്കാറ്റ് ഉണ്ടായ പ്രദേശം സന്ദർശിക്കുന്നതിനിടെയാണ് സംഭവം. ജീപ്പിൽ നിന്നിറങ്ങാതിരുന്ന എസ്.ഐയെ വിളിച്ചുവരുത്തിയാണ് സുരേഷ് ഗോപി സല്യൂട്ട് ചെയ്യിച്ചത്. 'ഞാന്‍ എംപിയാ കേട്ടോ, മേയറല്ല. ഒരു സല്യൂട്ടാവാം. ശീലങ്ങളൊന്നും മറക്കരുത്' എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News