'മേലുദ്യോഗസ്ഥർ സഹായിച്ചു'; പാലക്കയം കൈക്കൂലി കേസിൽ പ്രതി സുരേഷ് കുമാർ

ഒരുകോടിയിലധികം കൈക്കൂലി പിടികൂടിയ കേസിൽ സുരേഷിനെ സസ്‌പെന്റ് ചെയ്തിരുന്നു

Update: 2023-05-27 04:41 GMT

പാലക്കയം വില്ലേജ് ഓഫീസ്- അറസ്റ്റിലായ സുരേഷ് കുമാർ

Advertising

പാലക്കാട്: പാലക്കയം കൈക്കൂലി കേസിൽ പ്രതിയായ മുൻ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ പുതിയ വെളിപ്പെടുത്തൽ. മേലുദ്യോഗസ്ഥർ തന്നെ സഹായിച്ചെന്നാണ് ഇയാൾ വിജിലൻസിന് മൊഴി നൽകിയത്. കാര്യങ്ങൾ വേഗത്തിലാക്കാൻ തനിക്കേ കഴിയുകയുള്ളൂവെന്ന് അവർ വിശ്വസിച്ചുവെന്നും ഇയാൾ പറഞ്ഞു. എന്നാൽ മേലുദ്യോഗസ്ഥരുടെ പേരുകൾ സുരേഷ് വിജിലൻസിനോട് വെളിപ്പെടുത്തിയിട്ടില്ല.

ഒരുകോടിയിലധികം കൈക്കൂലി പിടികൂടിയ കേസിൽ സുരേഷിനെ സസ്‌പെന്റ് ചെയ്തിരുന്നു. ഇയാളെ തൃശ്ശൂർ വിജിലൻസ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു. ഒരു കോടി രൂപയിലധികം പണവും, വിവിധ പാരിതോഷികങ്ങളുമാണ് ഇയാളുടെ വീട്ടിൽ നിന്ന് പിടികൂടിയത്.

മണ്ണാർക്കാട് താലൂക്ക് അദാലത്ത് നടക്കുന്നതിനിടെയാണ് ഏറ്റവുമൊടുവിൽ സുരേഷ് കുമാർ കൈക്കൂലി വാങ്ങാൻ ശ്രമിച്ചത്. തുടർന്ന് വിജിലൻസ് ഡി.വൈ.എസ്.പി ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം സുരേഷ് കുമാറിനെ പിടികൂടുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ ഇയാൾ താമസിക്കുന്ന മണ്ണാർക്കാട്ടെ ലോഡ്ജ് മുറിയിൽ നിന്നും മുപ്പത്തി അഞ്ച് ലക്ഷത്തി ഏഴായിരം രൂപയാണ് കണ്ടെത്തിയത്.

45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപത്തിന്റെ രേഖകളും കണ്ടെടുത്തു. 25 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപം ഉണ്ടെന്നും കണ്ടെത്തി. ഇത് കൂടാതെ കൈക്കൂലിയായി വാങ്ങിയ വസ്ത്രങ്ങൾ, തേൻ, കുടംപുള്ളി, മദ്യം, പേന എന്നിവയും പിടിച്ചെടുത്തിരുന്നു.


Full View

Suresh Kumar, the accused in the Palakkayam bribery case, said that higher officials helped him

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News