'ബോട്ടിൽ വെളിച്ചം പോലുമുണ്ടായിരുന്നില്ല; പുറപ്പെടുമ്പോഴും ആളുകൾ ചാടിക്കയറി'

നാല്‍പതു മുതല്‍ അറുപതു വരെ ആളുകള്‍ ബോട്ടിലുണ്ടായിരുന്നതായി സൂചനയുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്

Update: 2023-05-07 19:54 GMT
Editor : Shaheer | By : Web Desk
Advertising

താനൂർ: മനുഷ്യജീവനു യാതൊരു വിലയും കൽപിക്കാതെ 15 പേരെ കൊണ്ടുപോകേണ്ട ബോട്ടിൽ ആളുകളെ കുത്തിനിറച്ച് പോയതാണ് താനൂർ ബോട്ടപകടത്തിന്റെ പ്രധാന കാരണമെന്ന് തിരൂരങ്ങാടി എം.എൽ.എ കെ.പി.എ മജീദ്. ബോട്ട് പുറപ്പെടുമ്പോഴും ആളുകൾ ചാടിക്കയറിയതായാണ് വിവരമെന്നും അദ്ദേഹം പറഞ്ഞു.

വെളിച്ചം പോലുമില്ലാത്ത ബോട്ടിലാണ് ഇത്രയേറെ ആളുകളെ കൊണ്ടുപോയത്. യാതൊരു സുരക്ഷാ മാനദണ്ഡവുമില്ലാത്ത ഇത്തരം ബോട്ട് സർവീസുകളെപ്പറ്റി നേരത്തെ തന്നെ പരാതികളുണ്ടായിരുന്നു. എന്നാൽ, അതൊന്നും അധികാരികൾ ഗൗനിച്ചില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മുസ്‌ലിം ലീഗ് നേതാക്കൾക്കൊപ്പം താലൂക്ക് ആശുപത്രിയിലാണുള്ളത്.-മജീദ് ഫേസ്ബുക്കിൽ കുറിച്ചു.

വിനോദസഞ്ചാരത്തിന്റെ പേരിൽ മനുഷ്യരെ കുരുതികൊടുക്കുന്ന ഇത്തരം ക്രമക്കേടുകൾ നിയന്ത്രിക്കപ്പെടണം. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഇനിയും ഇങ്ങനെയൊരു ദുരന്തം സംഭവിക്കാതിരിക്കാനുള്ള ജാഗ്രത വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അപകടത്തിൽ മരണം 21 ആയി. താനൂർ, പരപ്പനങ്ങാടി, ചെട്ടിപ്പടി സ്വദേശികളാണ് അപകടത്തിൽപെട്ടത്. മരിച്ചവരിൽ ആറു കുട്ടികളും ഉൾപ്പെടും. കാണാതായവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്.

Full View

വൈകീട്ട് ഏഴു മണിയോടെയാണ് താനൂർ ഒട്ടുംപുറം തൂവൽതീരത്തിനടുത്ത് പൂരപ്പുഴയിൽ ബോട്ടപകടമുണ്ടായത്. ബോട്ട് നിയന്ത്രണം വിട്ടു തലകീഴായി മറിയുകയായിരുന്നു. ബോട്ടിൽ ഉൾക്കൊള്ളാവുന്നതിലും കൂടുതൽ ആളുകളെ കയറ്റി സർവീസ് നടത്തിയതാണ് അപകടകാരണമെന്നാണ് വിവരം. നാല്‍പതു മുതല്‍ അറുപതു വരെ ആളുകള്‍ ബോട്ടിലുണ്ടായിരുന്നതായാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ആറു മണിവരെയാണ് സർവീസിന് അനുമതിയുണ്ടായിരുന്നത്. എന്നാൽ, ഏഴു മണിയോടെയാണ് ബോട്ട് സർവീസ് ആരംഭിച്ചത്.

Summary: Muslim League Leader and Thirurangadi MLA KPA Majeed about Tanur boat tragedy

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News