തെറ്റ് മനസ്സിലാക്കി 'കുറുപ്പ്' വാഹനത്തിലെ സ്റ്റിക്കർ നീക്കിയതിന് നന്ദി, നിയമം മാറ്റാൻ ഒരുമിച്ച് നിൽക്കണം: മല്ലു ട്രാവലർ

സാധാരണക്കാർക്ക് സ്വകാര്യ വാഹനങ്ങളിൽ സ്റ്റിക്കർ പതിപ്പിക്കാനുള്ള അവസരം നൽകാതെ സിനിമക്ക് വേണ്ടി ഇത്തരമൊരു നീക്കം നടത്തുന്നത് നിയമവിരുദ്ധമാണെന്നും എല്ലാവർക്കും നിയമം ഒരുപോലെയാകണമെന്നും മല്ലു ട്രാവലർ വിമർശിച്ചിരുന്നു.

Update: 2021-11-24 15:34 GMT
Advertising

തെറ്റ് മനസ്സിലാക്കി 'കുറുപ്പ്' ചിത്രത്തിന്റെ പ്രൊമോഷൻ വാഹനത്തിലെ സ്റ്റിക്കർ നീക്കിയതിന് നന്ദിയെന്നും പ്രൈവറ്റ് വാഹനങ്ങളിൽ മോഡിഫിക്കേഷൻ അനുവദിക്കുന്ന നിയമത്തിനായി ഒരുമിച്ചു നിൽക്കണമെന്നും മല്ലുട്രാവലർ എന്നറിയപ്പെടുന്ന വ്ളോഗർ ശാക്കിർ സുബ്ഹാൻ. കുറുപ്പ് പ്രൊമോഷൻ വാഹനത്തിലെ സ്റ്റിക്കർ നീക്കം ചെയ്യുന്ന ചിത്രങ്ങൾ സഹിതം ഫേസ്ബുക്കിൽ എഴുതിയ പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞത്. സാധാരണക്കാർക്ക് സ്വകാര്യ വാഹനങ്ങളിൽ സ്റ്റിക്കർ പതിപ്പിക്കാനുള്ള അവസരം നൽകാതെ ഒരു സിനിമക്ക് വേണ്ടി ഇത്തരമൊരു നീക്കം നടത്തുന്നത് നിയമവിരുദ്ധമാണെന്നും എല്ലാവർക്കും നിയമം ഒരുപോലെയാകണമെന്നും മല്ലു ട്രാവലർ നേരത്തെ വിമർശിച്ചിരുന്നു. കുറിപ്പ് പ്രെമോഷൻ വാഹനത്തിന്റെ ചിത്രം സഹിതം സാമൂഹിക മാധ്യമങ്ങളിലായിരുന്നു വിമർശനം.

Full View

വാഹനത്തിലെ സ്റ്റിക്കർ നീക്കിയതിൽ വാഹനപ്രേമി എന്ന നിലയിൽ തനിക്ക് സങ്കടം മാത്രമാണെന്നും നമ്മുടെ നാട്ടിലെ നിയമങ്ങൾ മാറ്റാൻ എല്ലാവരും ഇറങ്ങിയിരുന്നുവെങ്കിൽ നീക്കേണ്ട കാര്യം ഇല്ലായിരുന്നുവെന്നും മല്ലു ട്രാവലർ പറഞ്ഞു. മറ്റുള്ളവർ നിയമ നടപടികളിൽപെട്ട് സഹായം ആവശ്യപ്പെടുമ്പോൾ അവഗണിക്കുന്നവർ നാളെ നമുക്കും ഇത് പോലെ അവസ്ഥ വന്നേക്കാമെന്ന് ആലോചിക്കണമെന്നും ശാക്കിർ പറഞ്ഞു. മോഡിഫിക്കേഷൻ അനുവദിക്കുന്ന നിയമത്തിനായി എല്ലാവരും ഒന്നിക്കണമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ വിമർശനം സിനിമക്കെതിരെ അല്ലായെന്നും നിയമലംഘനത്തിനെതിരെയാണെന്നും മല്ലു ട്രാവലർ പറഞ്ഞിരുന്നു. സ്വകാര്യ വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്നും വ്ളോഗർ മല്ലു ട്രാവലർ അറിയിച്ചിരുന്നു. മല്ലു ട്രാവലറുടെ നാട്ടുകാരും വ്‌ളോഗർമാരുമായ ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ വാഹനം മോഡിഫിക്കേഷൻ നടത്തിയതിന് കണ്ണൂർ ആർ.ടി.ഒ പിടിച്ചെടുത്തിരുന്നു. മല്ലു ട്രാവലറുടെ വീട്ടിലും വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച് പരിശോധന നടന്നിരുന്നു. കുറുപ്പ് വാഹനത്തിൽ സ്റ്റിക്കർ ഒട്ടിക്കാൻ പാലക്കാട്ട് ഫീ ഒടുക്കിയ റസീറ്റ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇങ്ങനെ ഫീ അടയ്ക്കാൻ ഓൺലൈനായി ചിലപ്പോൾ കഴിഞ്ഞേക്കാമെന്നും എന്നാൽ ഇത് നിയമപ്രകാരം നിലനിൽക്കുന്നതല്ലെന്നുമുള്ള വിദഗ്ധാഭിപ്രായം ഉൾപ്പെടുത്തി മല്ലു ട്രാവലർ വിഡിയോ ചെയ്തിരുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News