ശബരിക്ക് പിന്നാലെ ഹൈബിയും; തരൂരിന് കേരളത്തിലെ യുവ കോൺഗ്രസ് നേതാക്കളുടെ പിന്തുണയേറുന്നു

താൻ മാറ്റത്തിന്റെ സ്ഥാനാർത്ഥിയാണെന്നും പാർട്ടിയിൽ മാറ്റം കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും തരൂർ പറഞ്ഞു

Update: 2022-10-01 14:28 GMT
Editor : Nidhin | By : Web Desk
Advertising

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂരിന് കേരളത്തിലെ യുവ കോൺഗ്രസ് നിരയിൽ നിന്ന് പിന്തുണയേറുന്നു. കെ.എസ് ശബരീനാഥിന് പിന്നാലെ ഹൈബി ഈഡൻ എംപിയും തരൂരിന് പിന്തുണയുമായി രംഗത്തെത്തി. ശബരീനാഥൻ തരൂരിനെ പിന്തുണക്കാനുള്ള കാരണങ്ങൾ കൂടി പറഞ്ഞപ്പോൾ ഹൈബി തരൂരിന്റെ ചിത്രം മാത്രം പോസ്റ്റ് ചെയ്തു പിന്തുണയറിയിച്ചു. ഇരു പോസ്റ്റുകൾക്കും താഴെ നിരവധി പ്രവർത്തകർ തരൂരിന് പിന്തുണച്ച് കമന്റുകൾ എഴുതിയിട്ടുണ്ട്.

Full View

Full View

അതേസമയം നെഹ്റു കുടുംബം പാർട്ടിയുടെ അവിഭാജ്യ ഘടകമാണെങ്കിലും എല്ലാ തീരുമാനവും ഒരേ കേന്ദ്രത്തിൽനിന്നല്ല എടുക്കേണ്ടതെന്ന് ശശി തരൂർ മീഡിയവണ്ണിനോട് പറഞ്ഞു. 24 വർഷം പാർട്ടിയെ ഒരേ നേതൃത്വം നയിച്ചു. ഇനി മാറ്റം വേണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ പ്രകടനപത്രിക സമർപ്പിച്ചതിനു പിന്നാലെ 'മീഡിയവണി'ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

താൻ മാറ്റത്തിന്റെ സ്ഥാനാർത്ഥിയാണെന്നും പാർട്ടിയിൽ മാറ്റം കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും തരൂർ പറഞ്ഞു. ചെറുപ്പക്കാരെ കാണാതെ മുന്നോട്ടുപോകാൻ കഴിയില്ല. അവർക്കുവേണ്ടി ഒരു നല്ല രാജ്യം സൃഷ്ടിക്കാൻ കോൺഗ്രസ് രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

നെഹ്റു കുടുംബം പാർട്ടിയുടെ അവിഭാജ്യ ഘടകമാണ്. എന്നാൽ, എല്ലാ തീരുമാനങ്ങളും ഒരേ കേന്ദ്രത്തിൽനിന്നല്ല എടുക്കേണ്ടത്. അധികാര വികേന്ദ്രീകരണം ഉണ്ടാകണം. നെഹ്റു കുടുംബത്തിന് പാർട്ടിയെ നയിക്കാൻ താൽപര്യമില്ല. 24 വർഷം പാർട്ടിയെ ഒരേ നേതൃത്വം തന്നെ നയിച്ചു. ഇനി മാറ്റം വേണം. എല്ലാ തീരുമാനങ്ങളും ഡൽഹിയിൽ എടുക്കേണ്ട ആവശ്യമില്ല. സംസ്ഥാന പി.സി.സികൾക്ക് പ്രവർത്തന സ്വാതന്ത്ര്യം നൽകണം. എല്ലാ തലങ്ങളിലും അധികാര വികേന്ദ്രീകരണം നടക്കണം. പാർട്ടിയെ കുറിച്ച് ജനങ്ങൾക്ക് പ്രതീക്ഷയുണ്ട്. പ്രവർത്തകർക്ക് പാർട്ടിയോട് പറയാൻ അഭിപ്രായമുണ്ടാവും. എന്നാൽ, അത് കേൾക്കാൻ ആളില്ലെങ്കിൽ പാർട്ടി എങ്ങനെ നന്നാവും. ജനങ്ങൾക്ക് ആവശ്യങ്ങൾ ഉന്നയിക്കാൻ പാർട്ടിയിൽ ഇടംനൽകണം-തരൂർ ആവശ്യപ്പെട്ടു.

ഒരുപാടുപേർ എന്നെ പിന്തുണയ്ക്കുന്നു; അവരെ ചതിക്കാൻ കഴിയില്ല

ചിന്തൻ ശിബിരത്തിലെ തീരുമാനങ്ങൾ പൂർണമായും നടപ്പാക്കണം. ഇവ അഞ്ചു വർഷമായി ഞാൻ നയിക്കുന്ന ആൾ ഇന്ത്യ പ്രൊഫഷനൽ കോൺഗ്രസിൽ നടപ്പാക്കിയിട്ടുണ്ട്. പുതുമുഖങ്ങളെ കൊണ്ടുവരാൻ പാർട്ടിക്ക് കഴിയണം. അവർക്ക് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ സമയം നൽകണം.

തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് പ്രഖ്യാപനം നടത്തുന്നത് ശരിയല്ല. അധ്യക്ഷ തെരഞ്ഞെടുപ്പിൽ ജയപരാജയങ്ങൾ വിഷയമല്ല. രാജ്യത്തെ കുറിച്ചും പാർട്ടിയെ കുറിച്ചും സംസാരിക്കാനുള്ള അവസരമാണിത്. വോട്ടർമാരിലേക്ക് എത്തിച്ചേരുന്നത് എളുപ്പമല്ല. 22 വർഷങ്ങൾക്കുമുൻപാണ് പാർട്ടി അധ്യക്ഷ തെരഞ്ഞെടുപ്പ് നേരിട്ടത്. മൂന്നു വർഷങ്ങൾക്കുശേഷം വീണ്ടുമൊരു തെരഞ്ഞെടുപ്പ് നേരിടാൻ പാർട്ടി സജ്ജമാകും.

വാർത്താസമ്മേളനത്തിൽ എനിക്ക് പിന്തുണ ലഭിച്ചു. ഖാർഗെയുമായി എനിക്ക് ജാതിമത ചിന്തകൾക്ക് അതീതമായ ബന്ധമുണ്ട്. ഖാർഗെയുടെ ജാതി മാത്രം ചൂണ്ടിക്കാട്ടുന്നത് ശരിയല്ല.

ഒരുപാടുപേർ എന്നെ പിന്തുണയ്ക്കുന്നുണ്ട്. അവരെ ചതിക്കാൻ കഴിയില്ല. ആന്റണിയെ നേരിൽ കണ്ട് പിന്തുണ തേടിയിട്ടുണ്ട്. കേരളത്തിൽനിന്ന് പിന്തുണ ലഭിക്കുന്നുണ്ട്. നാമനിർദേശ പത്രികയിൽ ഒപ്പിടാൻ കഴിയാത്തവരും പിന്തുണ അറിയിച്ചു. എല്ലാ നേതാക്കളും എനിക്ക് എതിരല്ല.

ജി23 പ്രതിനിധിയായല്ല മത്സരിക്കുന്നത്; കൈയിൽ മാന്ത്രികവടിയില്ല

ജി 23 മാധ്യമങ്ങളുടെ സൃഷ്ടിയാണ്. അഭിപ്രായം നേതാക്കൾ മാറ്റിയതിൽ തർക്കിക്കാനില്ല. ഞാൻ താൻ ജി 23 പ്രതിനിധിയായല്ല മത്സരിക്കുന്നത്. ആഗ്രഹിക്കുന്നത് മുഴുവൻ പേരുടെയും പ്രതിനിധിയാവാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

എല്ലാ ജനവിഭാഗങ്ങളെയും അംഗീകരിക്കാത്തവർക്ക് പാർട്ടിയിൽ ഇടമില്ല. തെരഞ്ഞെടുപ്പിനുശേഷം മറ്റൊരു പദവി തേടി പോകില്ല. തിരുവനന്തപുരത്തിന്റെ എം.പിയായി തുടരും.

സ്ഥാനാർത്ഥികളിൽ ചെറുപ്പക്കാരൻ ഞാനാണ്. ഖാർഗെയ്ക്ക് 80 കഴിഞ്ഞു. ഖാർഗെ നേതൃത്വത്തിന്റെ ഭാഗമായാൽ പ്രത്യേകിച്ച് മാറ്റം കൊണ്ടുവരാനാകില്ല. ഞാൻ നേതൃത്വത്തിൽ എത്തിയാൽ മാറ്റമുണ്ടാകും. നെഹ്‌റു കുടുംബത്തിന്റെ ഭാവി റോൾ ചർച്ചചെയ്തു തീരുമാനിക്കും.

കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള മാന്ത്രികവടി എന്റെ കൈയിലില്ല. രാഷ്ട്രീയത്തിൽ മാന്ത്രികവടി ഉണ്ടായിരുന്നെങ്കിൽ മോദി ഉപയോഗിക്കുമായിരുന്നു. പൂർണസമയ അധ്യക്ഷൻ പാർട്ടിക്ക് ഉണ്ടാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ജനങ്ങൾക്ക് സമീപിക്കാവുന്ന അധ്യക്ഷന്റെ ഇടപെടലാണ് ഇനി വേണ്ടത്. പി.സി.സി അധ്യക്ഷന്മാരെ മുഖവിലയ്ക്കെടുക്കണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News