ഭൂമി വാങ്ങിയതിലെ അഴിമതി മറച്ചുപിടിക്കാനുള്ള നാടകമാണ് ലീഗ് ഉയർത്തുന്ന ആരോപണങ്ങൾ;ജെയ്ക് സി. തോമസ്

മുസ്ലിം ലീഗിന്റെ ഭവന നിർമാണ പദ്ധതി വൈകിപ്പിക്കാൻ സർക്കാർ ബോധപൂർവം ശ്രമം നടത്തുന്നുവെന്ന് സംശയിക്കുന്നതായാണ് യൂത്ത്ലീഗ് ജനറൽ സെക്രട്ടറിയും മുണ്ടക്കൈ പുനരധിവാസ ഉപസമിതി അംഗവുമായ പി കെ ഫിറോസ് പറഞ്ഞത്

Update: 2025-07-27 06:26 GMT

ജെയ്ക് സി തോമസ്

വയനാട്: വയനാട് മുണ്ടക്കൈ ദുരിത ബാധിതർക്കുള്ള ലീഗിന്റെ ഭവന നിർമാണ പദ്ധതി വൈകിപ്പിക്കാൻ സർക്കാർ കരുതിക്കൂട്ടിയുള്ള ശ്രമം നടത്തുന്നതായി സംശയിക്കുന്നുവെന്ന പി.കെ ഫിറോസിന്റെ ആരോപണത്തിന് മറുപടിയുമായി ജെയ്ക് സി.തോമസ്. ലീഗിന്റേത് ഭൂമി വാങ്ങിയതിലെ അഴിമതി മറച്ചുപിടിക്കാനുള്ള നാടകമെന്ന് ജെയ്ക് സി.തോമസ്. മീഡിയവൺ ലൈവത്തോണിലാണ് മറുപടി.

തോട്ടഭൂമി മറ്റാവശ്യത്തിന് ഉപയോഗിക്കാനാവില്ലെന്ന് അറിയാത്തവരാണോ ലീഗുകാർ. അടിസ്ഥാന വിദ്യാഭ്യാസമുള്ള ഏതൊരു വ്യക്തിക്കും ഇക്കാര്യമറിയാം. നാൽപ്പതിനായിരം രൂപക്ക് കിട്ടേണ്ട ഭൂമി ഒന്നരലക്ഷം രൂപയ്ക്ക് വാങ്ങുന്ന ഏർപ്പാട് സിപിഎം ചെയ്തിട്ടില്ല. ഈ പച്ച അഴിമതി നാട്ടുകാരുടെ മുന്നിൽ പിടിക്കപ്പെട്ടപ്പോൾ കാണിക്കുന്ന കോപ്രായമാണ് ആരോപണങ്ങൾ എന്നാണ് ജെയ്ക് പറഞ്ഞത്.

Advertising
Advertising

ഇത്തരം കോപ്രായങ്ങൾ ചെയ്ത് കൂട്ടിയിട്ട് സിപിഎം ഞങ്ങളെ അനങ്ങാൻ അനുവദിക്കുന്നില്ല, സിപിഎം വേട്ടയാടുന്നു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അന്തസ്സുള്ളവർക്ക് അൽപം നാണം തോന്നും. ദുരന്തത്തിൽപ്പെട്ടവർക്ക് സഹായങ്ങൾ ആരു നൽകിയാലും സ്വാഗതാർഹമാണെന്നും ജെയ്ക് പറഞ്ഞു. പുനരധിവാസത്തിനായി പിരിച്ച പണമെവിടെയെന്ന് ചോദിച്ചപ്പോൾ ആപ് ഡിലീറ്റ് ചെയ്ത് ഓടിയ യൂത്ത് കോൺഗ്രസ് നിലപാടല്ല ഡിവൈഎഫ്‌ഐക്കെന്നും ജെയ്ക്ക് വ്യക്തമാക്കി.

മുസ്ലിം ലീഗിന്റെ ഭവന നിർമാണ പദ്ധതി വൈകിപ്പിക്കാൻ സർക്കാർ ബോധപൂർവം ശ്രമം നടത്തുന്നുവെന്ന് സംശയിക്കുന്നതായാണ് യൂത്ത്ലീഗ് ജനറൽ സെക്രട്ടറിയും മുണ്ടക്കൈ പുനരധിവാസ ഉപസമിതി അംഗവുമായ പി കെ ഫിറോസ് പറഞ്ഞത്. സ്ഥലം അധികവിലക്ക് വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പി.കെ ഫിറോസ് പറഞ്ഞു.

അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി പദ്ധതി വൈകിപ്പിക്കാനാണ് ശ്രമിക്കുന്നത്. സിപിഎമ്മിന്റെ ഉത്തരവാദിത്തപ്പെട്ട ആളുകൾ പദ്ധതിക്കെതിരെ രംഗത്ത് വന്നതടക്കം പദ്ധതി ബോധപൂർവം വൈകിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും പി.കെ ഫിറോസ് ആരോപിച്ചു.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News