'ആകെയുള്ളത് മാസ്ക് മാത്രം'; കേരളത്തിൽ ആള്‍ക്കൂട്ട നിയന്ത്രണം ഫലപ്രദമല്ലെന്ന് ഹൈക്കോടതി
കടകൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനമെടുക്കേണ്ട സമയമായെന്ന് കോടതി ചൂണ്ടിക്കാട്ടി.
കേരളത്തിൽ ആൾക്കൂട്ട നിയന്ത്രണം ഫലപ്രദമായി നടപ്പാകുന്നില്ലെന്ന് ഹൈക്കോടതി. പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കപ്പെടുന്നില്ല, ആകെയുള്ളത് മാസ്ക് മാത്രമാണെന്നും കോടതി നിരീക്ഷിച്ചു. വസ്ത്ര വിൽപ്പനശാലകൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
കടകൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനമെടുക്കേണ്ട സമയമായെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങളെടുക്കുന്നതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. വിദഗ്ധസമിതിയുടെ ശുപാർശ നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
കോവിഡ് സാഹചര്യത്തില്‍ വസ്ത്ര വിൽപ്പനശാലകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഇത് വിപണിയെ സാരമായി ബാധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്. ഹരജിയിൽ അടുത്ത വ്യാഴാഴ്ചക്കകം നിലപാടറിയിക്കാൻ സർക്കാരിനോട് കോടതി നിർദ്ദേശിച്ചു.