ചികിത്സാ സഹായ വിവാദം; സതീശന്റെ ശിപാർശയിൽ തീരുമാനം എടുത്തത് നടപടി ക്രമം പാലിച്ച്

വില്ലേജ് ഓഫീസർ, തഹസിൽദാർ, കലക്ടർ ,സ്പെഷ്യൽ സെക്രട്ടറി എന്നിവർ അപേക്ഷ പരിശോധിച്ചു

Update: 2023-02-25 11:16 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിൽ  പ്രതിപക്ഷ നേതാവിൻ്റെ ശിപാർശയിൽ തീരുമാനം എടുത്തത് നടപടി ക്രമം പാലിച്ചെന്ന് ഫയൽ രേഖകൾ. വില്ലേജ് ഓഫീസർ, തഹസിൽദാർ, കലക്ടർ ,സ്പെഷ്യൽ സെക്രട്ടറി എന്നിവർ അപേക്ഷ പരിശോധിച്ചു. 45000 രൂപ മുഖ്യമന്ത്രി അനുവദിച്ചത് നടപടി ക്രമം പൂർത്തിയാക്കിയ ശേഷമെന്നും രേഖ.

വരുമാന സർട്ടിഫിക്കറ്റിൽ രണ്ട് ലക്ഷത്തിൽ താഴെയാണ് വരുമാനം എന്ന് രേഖപ്പെടുത്തിയുട്ടുണ്ട്. ആഴ്ചയിൽ രണ്ട് തവണ ഡയാലിസിസിന് വിധേയനാകുന്നുണ്ടെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തിയതിനും രേഖകളുണ്ട്. നടപടി ക്രമങ്ങളെല്ലാം പാലിച്ചാണ് ധനസഹായം അനുവദിച്ചത്.

Advertising
Advertising

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ സഹായം ലഭിച്ചത് അർഹതയുള്ള ആള്‍ക്ക് തന്നെയാണെന്ന് വി.ഡി സതീശൻ പറഞ്ഞിരുന്നു. രണ്ട് വൃക്കകളും തകരാറിലായ ആളെ തനിക്ക് വ്യക്തിപരമായി അറിയാം. വരുമാനം രണ്ട് ലക്ഷത്തിൽ താഴെയാണ് എന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നെന്നും സതീശൻ പറഞ്ഞു. എം. എൽ. എ എന്ന നിലയിലാണ് ഒപ്പിട്ടതെന്നും സർക്കാരാണ് വിശദമായ പരിശോധന നടത്തേണ്ടതെന്നും പറഞ്ഞ സതീശൻ ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവന പദവിക്ക് നിരക്കാത്തതാണെന്നും കൂട്ടിച്ചേർത്തു.

ദുരിതാശ്വാസ നിധി ഫണ്ട് തട്ടിപ്പിന് പ്രതിപക്ഷ നേതാവും കൂട്ടു നിന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആരോപണം ഉന്നയിച്ചിരുന്നു.പ്രതിപക്ഷ നേതാക്കൾ ഒപ്പിട്ട ശിപാർശകളിലും നടപടിയെടുത്തിട്ടുണ്ടെന്നാണ് സിപിഎമ്മിന്റെ ആരോപണം. തിങ്കളാഴ്ച നിയസഭാ സമ്മേളനം പുനരാരംഭിക്കാനിരിക്കേയാണ് വിജിലൻസിന്റെ കണ്ടെത്തലുകളെത്തിയിരിക്കുന്നത്. നടന്നിരിക്കുന്നത് തട്ടിപ്പാണെങ്കിൽ ആ തട്ടിപ്പിൽ പ്രതിപക്ഷത്തിനും പങ്കുണ്ടെന്നാണ് എം.വി ഗോവിന്ദന്റെ ആരോപണം. എന്നാൽ അർഹതപ്പെട്ടവർക്ക് തന്നെയാണ് സഹായം ലഭിക്കുന്നതെന്ന് ഉറപ്പു വരുത്തേണ്ടത് സർക്കാരിന്റെ ചുമതലയാണെന്നാണ് ആരോപണങ്ങളോട് കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം.

എറണാകുളം വാരപ്പെട്ടി സ്വദേശിയായ വിദേശമലയാളിക്ക് മൂന്ന് ലക്ഷം രൂപ അനുവദിച്ചതിൽ ക്രമക്കേട് ഉണ്ടെന്ന വിജിലൻസ് കണ്ടെത്തലിൽ പ്രത്യേക സംഘമെത്തി പരിശോധന നടത്തിയിരുന്നു.  എറണാകുളം കളക്ട്രേറ്റിൽ നിന്നും കോതമംഗലം താലൂക്ക് ഓഫീസിൽ നിന്നുമുള്ള പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്.

എന്നാൽ താൻ നിയമാനുസൃതമായ രീതിയിലാണ് അപേക്ഷ സമർപ്പിച്ചതെന്നും, രണ്ട് വർഷമായി നാട്ടിൽ ജോലിയില്ലാതെ വൃക്കരോഗിയായി കഴിയുകയായിരുന്നുവെന്നും ഷിബു ജോസ് പ്രതികരിച്ചു. ഏഴ് മാസം മുമ്പ് വൃക്ക മാറ്റിവച്ചതിന് 18 ലക്ഷം രൂപ ചെലവായെന്നും ഇപ്പോൾ തുടർ ചികിത്സക്ക് 30,000 ഒരോ മാസവും ചെലവാകുന്നുണ്ടെന്നും 18 വർഷം കുവൈറ്റിൽ ജോലിയുണ്ടായിരുന്ന തനിക്ക് ഈ വീടും 19 സെന്റ് സ്ഥലവും അല്ലാതെ മറ്റ് സ്വത്തുക്കളോ വരുമാനമോ ഇല്ലെന്നും ഷിബു കൂട്ടിച്ചേർത്തു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News