സംസ്ഥാന കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ അതൃപ്‌തി ഹൈക്കമാൻ്റിനു തലവേദനയാകുന്നു

അനുനയ നീക്കവുമായി എത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവറിൻ്റെ നീക്കം പാളിയതോടെ ഗുരുതര സാഹചര്യമാണ് കേരളത്തിലെ പാർട്ടിയിലെന്ന് ഹൈക്കമാൻറിനും ബോധ്യപ്പെട്ടു കഴിഞ്ഞു.

Update: 2021-09-28 01:04 GMT
Advertising

വി.എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനുമടക്കമുള്ള നേതാക്കൾ നിലപാടിൽ ഉറച്ച് നിൽക്കുന്നത് കോൺഗ്രസ്  ഹൈക്കമാൻ്റിനു തലവേദനയാകുന്നു. എതിർപ്പുകൾ ഗ്രൂപ്പ് താൽപര്യങ്ങളുടെ ഭാഗമാണെന്ന് വ്യാഖ്യാനിച്ച സംസ്ഥാന നേതൃത്വത്തിനും ഇരുവരുടേയും നിലപാട് തിരിച്ചടിയായി. പുതിയ നേതൃത്വം കൂടിയാലോചന നടത്തുന്നില്ലെന്ന ആക്ഷേപം പരിഹരിക്കാനായി ശക്തമായ ഇടപെടലിലേക്ക് ഹൈക്കമാന്റും കടന്നേക്കും.

അനുനയ നീക്കവുമായി എത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവറിൻ്റെ നീക്കം പാളിയതോടെ ഗുരുതര സാഹചര്യമാണ് കേരളത്തിലെ പാർട്ടിയിലെന്ന് ഹൈക്കമാൻറിനും ബോധ്യപ്പെട്ടു കഴിഞ്ഞു. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഉന്നയിച്ച ആവശ്യമായ കൂടിയാലോചനകളില്ലെന്ന പരാതി തന്നെയാണ് ഗ്രൂപ്പിന് അതീതമായി നിൽക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രനും വി.എം സുധീരനും ഉയർത്തിയത്. ഇരുവരും പരാതിക്കെട്ട്  നിരത്തിയപ്പോൾ പ്രശ്ന പരിഹാരത്തിനുള്ള ഫോർമുല മുന്നോട്ട് വെയ്ക്കാൻ താരീഖ് അൻവറിനും ആയില്ല. വി എം സുധീരനെ കൊണ്ട് രാജി എങ്ങനേയും പിൻവലിപ്പിക്കണമെന്നായിരുന്നു ഹൈക്കമാൻ്റ് താൽപര്യം. അതിനാലാണ് കടുത്ത നിലപാടിലുള്ള സുധീരനെ താരീഖ് അൻവർ നിർബന്ധമായും നേരിൽ കാണണമെന്ന് ഹൈക്കമാൻ്റ് നിർദേശിച്ചത്. നേതാക്കൾ മുന്നോട്ട് വെച്ച പരാതികളിൽ കാര്യമുണ്ടെന്ന് ഹൈക്കമാൻ്റിനും ഒരു പരിധി വരെ ബോധ്യപ്പെട്ടിട്ടുണ്ട്.

ഇത് പരിഹരിക്കാതെ പുനസംഘടനാ നടപടികൾ അത്യപ്രതിയില്ലാതെ പൂർത്തീകരിക്കാനും കഴിയില്ല.എല്ലാവരേയും ഒറ്റകെട്ടായി കൊണ്ടു പോകണമെന്ന ആവശ്യം രമേശ് ചെന്നിത്തലയും താരീഖ് അൻവറിന് മുന്നിൽ വെച്ചിട്ടുണ്ട്.താരീഖ് അൻവർ നൽകുന്ന റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ഹൈക്കമാൻ്റ് ചില തിരുത്തൽ നടപടികൾ കൈകൊള്ളുമെന്നാണ് ഇടഞ്ഞ് നിൽക്കുന്ന നേതാക്കളുടെ പ്രതീക്ഷ. അതേ സമയം പുതിയ നേതൃത്വത്തെ ദുർബലപ്പെടുത്താതെ പ്രശ്നം പരിഹരിക്കണമെന്നാണ് ഹൈക്കമാൻ്റ് താൽപര്യം. മുതിർന്ന നേതാക്കളെ ഒപ്പം നിർത്തുകയും പുതിയ നേതൃത്വത്തിന് പ്രവർത്തിക്കാൻ സുഗമമായ പാതയൊരുക്കുകയും ചെയ്യുകയെന്നതാവും ഹൈക്കമാൻ്റ് സ്വീകരിക്കുന്ന ശൈലി. അതൃപ്തികൾക്കിടയിലും പുനസംഘടന ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനാണ് കെ.പി.സി.സി നേതൃത്വത്തിൻ്റെ നീക്കം. താമസിയാതെ മുതിർന്ന നേതാക്കളുടെ സാന്നിദ്യത്തിൽ പട്ടിക മുന്നിൽ വെച്ചുള്ള ചർച്ചകളിലേക്ക് കടക്കും.

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News