സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടെന്ന് സർക്കാർ തീരുമാനം

ഈ മാസം 19 നുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന കേന്ദ്ര വാഗ്ദാനം മുഖവിലക്കെടുത്താണ് തീരുമാനം

Update: 2021-10-11 07:58 GMT

സംസ്ഥാനത്ത് തല്‍കാലം വൈദ്യുതി നിയന്ത്രണം വേണ്ടെന്ന് സർക്കാർ തീരുമാനം. ലോഡ് ഷെഡിങ്ങും പവർകട്ടും ഏർപ്പെടുത്തണമോ എന്ന് ഈ മാസം 19ന് ശേഷം തീരുമാനിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. കേന്ദ്രവിഹിതം കുറഞ്ഞാൽ സംസ്ഥാനത്ത് നിയന്ത്രണമേർപ്പെടുത്തിയേക്കും.

രാജ്യത്തുണ്ടായ കൽക്കരി ക്ഷാമം സംസ്ഥാനത്തെ വൈദ്യുതി മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് വൈദ്യുതി വകുപ്പിന്‍റെ വിലയിരുത്തൽ. മറ്റു സംസ്ഥാനങ്ങളിൽ നിന്നും കിട്ടുന്ന വൈദ്യുതിയും കേന്ദ്ര വിഹിതവും കുറഞ്ഞതാണ് സംസ്ഥാനത്ത് പ്രതിസന്ധി ഉണ്ടാകാന്‍ പ്രധാന കാരണം.

Advertising
Advertising

ലോഡ് ഷെഡിങ്ങ് അടക്കമുള്ള നിയന്ത്രണങ്ങൾ വേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രിയും ഉദ്യോഗസ്ഥരും നടത്തിയ ചർച്ചയിൽ ധാരണയായിരുന്നു. എന്നാൽ, 19 നുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന കേന്ദ്ര വാഗ്ദാനം മുഖവിലക്കെടുത്ത് സംസ്ഥാനത്ത് ഇപ്പോൾ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം വൈദ്യുതി വകുപ്പ് അംഗീകരിച്ചു.

വൈദ്യുതി വലിയ വിലക്കാണ് വാങ്ങുന്നത്. 100 മെഗാവാട്ട് കുറവുണ്ട്. 19 നുള്ളിൽ പ്രശ്നം പരിഹരിക്കുമെന്നാണ് കേന്ദ്രം അറിയിച്ചത്. നിയന്ത്രണം വേണമോ എന്ന് 19ന് തീരുമാനിക്കും. കൂടംകുളത്തു നിന്ന് ലഭിക്കേണ്ട വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. ജനങ്ങളെ ബോധവത്കരിച്ച് 100 മെഗാവാട്ട് വൈദ്യുതി ഉപഭോഗം കുറയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News