ബലാത്സംഗം എന്നത് ശാരീരികബന്ധം മാത്രമല്ലെന്ന് ഹൈക്കോടതി

ലൈംഗിക താൽപര്യത്തോടെ സ്ത്രീയുടെ ശരീരത്തിൽ നടത്തുന്ന ഏത് പ്രവൃത്തിയും ബലാത്സംഗമെന്നും കോടതി

Update: 2021-08-05 15:12 GMT
By : Web Desk

ബലാത്സംഗം എന്നത് ശാരീരികബന്ധം മാത്രമല്ലെന്ന് ഹൈക്കോടതി. ലൈംഗിക താൽപര്യത്തോടെ സ്ത്രീയുടെ ശരീരത്തിൽ നടത്തുന്ന ഏത് പ്രവൃത്തിയും ബലാത്സംഗമായി കാണണമെന്നാണ് കോടതിയുടെ നിർദേശം. പെൺകുട്ടിയുടെ കാലുകളിൽ ലൈംഗികാവയവം ഉരസിയെന്ന കേസില്‍ വിചാരണ കോടതി പ്രതിക്ക് ആജീവനാന്ത തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് മൂവാറ്റുപുഴ സ്വദേശി സന്തോഷ് നൽകിയ അപ്പീല്‍ തള്ളിയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

തനിക്കെതിരായ കേസ് ബലാൽസംഗത്തിന്‍റെ പരിധിയിൽ വരാത്ത പ്രവൃത്തിയാണെന്നും ശിക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതി അപ്പീല്‍ നല്‍കിയത്. അപ്പീല്‍ പരിഗണിച്ച ഹെക്കോടതിയുടെ ഡിവിഷൻ ബെഞ്ച് പ്രതിക്കെതിരായ പോക്സോ കുറ്റം റദ്ദാക്കിയെങ്കിലും, ബലാൽസംഗക്കുറ്റം ശരിവെക്കുകയും ആജീവനാന്ത തടവ് ജീവപര്യന്തമാക്കി കുറച്ച് ഉത്തരവിട്ടു.

Advertising
Advertising

2015ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളം സ്വദേശിനിയായ പതിനൊന്നുകാരി സ്കൂളിലെ മെഡിക്കൽ ക്യാമ്പിൽ നടത്തിയ പരിശോധനയിലാണ് മൂവാറ്റുപുഴ സ്വദേശിക്കെതിരെ പീഡന പരാതി ഉന്നയിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 375 പ്രകാരം അനുമതിയില്ലാതെ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതാണ് ബലാത്സംഗമെന്നും അത്തരത്തിലുള്ള ശാരീരിക ബന്ധമുണ്ടായില്ലെന്നും ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്നുമായിരുന്നു പ്രതിയുടെ വാദം. എന്നാൽ, സ്ത്രീ ശരീരത്തിൽ അനുമതിയില്ലാതെ നടത്തുന്ന പ്രവൃത്തികൾ ബലാത്സംഗമായതിനാൽ പ്രതി ചെയ്ത കൃത്യം ബലാൽസംഗ കുറ്റത്തിന്‍റെ പരിധിയിൽ വരുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച തെളിവുകളൊന്നും നൽകാത്ത സാഹചര്യത്തിൽ പോക്സോ നിയമപ്രകാരമുള്ള കുറ്റം നിലനിൽക്കില്ലെന്ന പ്രതിയുടെ വാദം അംഗീകരിച്ച കോടതി ഈ നിയമപ്രകാരമുള്ള കുറ്റങ്ങൾ ഒഴിവാക്കിയാണ് ശിക്ഷ ജീവപര്യന്തമാക്കി കുറച്ചത്. 

Tags:    

By - Web Desk

contributor

Similar News