പനച്ചുമൂട് യുവതിയെ കാണാതായ സംഭവം കൊലപാതകം; അയൽവാസിയായ വിനോദ് കുറ്റം സമ്മതിച്ചു
കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് പനച്ചുംമൂട് സ്വദേശിനിയായ പ്രിയംവദയെ സുഹൃത്തും അയൽവാസിയുമായ വിനോദ് കൊലപ്പെടുത്തുന്നത്.
തിരുവനന്തപുരം: തിരുവനന്തപുരം പനച്ചുമൂട് നിന്ന കാണാതായ യുവതിയുടേത് കൊലപാതകമെന്ന് പൊലീസ്. അയൽവാസിയായ വിനോദ് കുറ്റം സമ്മതിച്ചു. 48 കാരിയായ പ്രിയംവദയെയാണ് വിനോദ് കൊലപ്പെടുത്തിയത്. പ്രിയംവദ കടമായി നൽകിയ പണം തിരികെ ചോദിച്ചതാണ് കൊലപാതക കാരണം. വിനോദ് കൊന്നു കുഴിച്ചുമൂടിയെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്ന് പ്രതിയെ വെള്ളറട പൊലീസ് ചോദ്യം ചെയ്തിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് പനച്ചുംമൂട് സ്വദേശിനിയായ പ്രിയംവദയെ സുഹൃത്തും അയൽവാസിയുമായ വിനോദ് കൊലപ്പെടുത്തുന്നത്. ജോലിക്കായി വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു പ്രിയംവദ. വിനോദിനെ കണ്ടപ്പോൾ കടമായി നൽകിയ പണം പ്രിയംവദ തിരികെ ആവശ്യപ്പെട്ടു. തുടർന്ന് വിനോദും പ്രിയംവദയുമായി തർക്കത്തിൽ ആയി. വിനോദിന്റെ അടിയേറ്റ് പ്രിയംവദ വീട്ടുമുറ്റത്ത് വീണു. ബോധംകെട്ട പ്രിയംവദയെ വിനോദ് വീട്ടിനുള്ളിലേക്ക് വലിച്ചു കൊണ്ടു പോയി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
അന്ന് രാത്രി വിനോദിന്റെ വീട്ടുമുറ്റത്ത് മൃതദേഹം കുഴിച്ച് കൂടി. മണ്ണിനടിയിൽ പ്രിയംവദയുടെ മൃതദേഹഭാഗം വിനോദിന്റെ മക്കളാണ് പുറത്തു കണ്ടത്. തുടർന്ന് തൊട്ടടുത്ത താമസിക്കുന്ന വിനോദിന്റെ ഭാര്യയുടെ അമ്മയെ അറിയിച്ചു. ഇവർ വിനോദിന്റെ വിദേശത്തുള്ള ഭാര്യയ്ക്ക് വിവരം കൈമാറി. ഇവർ നാട്ടിലേയ്ക്ക് വിവരം അറിയിച്ചതിനെ തുടർന്നാണ് പോലീസ് എത്തി പരിശോധന നടത്തിയത്. ചോദ്യം ചെയ്യലിൽ വിനോദ് കുറ്റം സമ്മതിച്ചു. പ്രിയംവദയെ കാണാതായതോടെ ഇവരുടെ മക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. വിനോദിന്റെ വീട്ടിൽ നിന്ന് പ്രിയംവദയുടെ മൃതദേഹം പോലീസ് കണ്ടെത്തി. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.