കൊലപാതകികള്‍ വന്നത് കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്‍റെ കാറില്‍; സ്ഥിരീകരിച്ച് പൊലീസ്

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്‍റെ KL 11 AR 641 നമ്പര്‍ ഇയോണ്‍ കാറില്‍ വന്ന അക്രമി സംഘം സുബൈറിന്‍റെ ബൈക്കില്‍ ഇടിക്കുകയും പിന്നാലെ വന്ന് വെട്ടികൊലപ്പെടുത്തുകയുമായിരുന്നു

Update: 2022-04-15 10:49 GMT
Editor : ijas

പാലക്കാട്: പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിന് ഉപയോഗിച്ചത് കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്‍റെ കാര്‍. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്‍റെ KL 11 AR 641 നമ്പര്‍ ഇയോണ്‍ കാറില്‍ വന്ന അക്രമി സംഘം സുബൈറിന്‍റെ ബൈക്കില്‍ ഇടിക്കുകയും പിന്നാലെ വന്ന് വെട്ടികൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കാര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്‍റേതാണെന്ന് പാലക്കാട് പൊലീസ് സ്ഥിരീകരിച്ചു. അതെ സമയം കാറിന്‍റെ നമ്പര്‍ യഥാര്‍ത്ഥത്തിലുള്ളതാണോ എന്ന കാര്യത്തില്‍ പരിശോധന വേണമെന്ന് പൊലീസ് പറഞ്ഞു.

Advertising
Advertising

ഇന്ന് ഉച്ചക്ക് ഒന്നരക്കാണ് പാലക്കാട് എലപുള്ളിയിൽ പോപ്പുലർ ഫ്രണ്ട് നേതാവിനെ പട്ടാപകല്‍ നടുറോഡില്‍ വെച്ച് വെട്ടികൊലപെടുത്തിയത്. പോപ്പുലർ ഫ്രണ്ട് എലപ്പുള്ളി പാറ ഏരിയാ പ്രസിഡന്‍റ് കുത്തിയതോട് സ്വദേശി സുബൈർ പാറ (47)ആണ് കൊല്ലപ്പെട്ടത്. ജുമുഅ നമസ്കാരം കഴിഞ്ഞ് പിതാവിനൊപ്പം മടങ്ങും വഴി ഉച്ചക്ക് ഒന്നരക്ക് രണ്ടു കാറുകളില്‍ എത്തിയ സംഘം ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സുബൈറിനെ അതിക്രൂരമായാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. ശരീരത്തില്‍ വലിയ മുറിവുകളാണുണ്ടായിരുന്നതെന്നും ആശുപത്രിയില്‍ എത്തിക്കും മുന്‍പേ മരണം സംഭവിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന പിതാവിന് ബൈക്കില്‍ നിന്നും വീണ് പരിക്കുപറ്റിയിട്ടുണ്ട്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പാലക്കാട് മുന്‍ ഡിവിഷന്‍ പ്രസിഡന്‍റ്, എസ്.ഡി.പി.ഐ എലപ്പുള്ളി പഞ്ചായത്ത് കമ്മിറ്റി അംഗം, പോപുലര്‍ ഫ്രണ്ട് പാറ ഏരിയാ പ്രസിഡന്‍റ് എന്നീ നിലകളില്‍ സുബൈര്‍ പ്രവര്‍ത്തിച്ചിരുന്നു. 

അതെ സമയം കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് പോപ്പുലർ ഫ്രണ്ട് ആരോപിച്ചു. ബി.ജെ.പി നേതാവ് സഞ്ജിത്ത് കൊലപ്പെട്ട പ്രദേശത്താണ് കൊലപാതകം നടന്നത്. ആര്‍.എസ്.എസ്-എസ്.ഡി.പി.ഐ സംഘര്‍ഷം നിലനില്‍ക്കുന്നയിടമാണ് ഇവിടെ. ഇതിന്‍റെ തുടര്‍ച്ചയായാണ് ഇന്നത്തെ കൊലപാതകം എന്നാണ് പോപ്പുലർ ഫ്രണ്ട് ആരോപിക്കുന്നത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News