ശാന്തൻപാറ സി.പി.എം ഓഫീസിൻ്റെ സംരക്ഷണഭിത്തി പൊളിച്ചുനീക്കി
താലൂക്ക് സർവെയർ അടയാളപ്പെടുത്തി നൽകിയ ഭാഗമാണ് പാർട്ടി ഇടപെട്ട് നീക്കം ചെയ്തത്.
ഇടുക്കി: പുറമ്പോക്ക് കയ്യേറിയാണ് നിർമാണമെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയ ഇടുക്കി ശാന്തൻപാറ സി.പി.എം ഓഫീസിൻ്റെ സംരക്ഷണഭിത്തി പൊളിച്ചു നീക്കി. താലൂക്ക് സർവെയർ അടയാളപ്പെടുത്തി നൽകിയ ഭാഗമാണ് പാർട്ടി ഇടപെട്ട് നീക്കം ചെയ്തത്. ഗാർഹികേതര നിർമാണമായതിനാൽ റവന്യൂ വകുപ്പ് എൻ.ഒ.സി.യും നൽകിയിരുന്നില്ല. കെട്ടിടം നിർമിച്ചത് പട്ടയമില്ലാത്ത ഭൂമിയിലാണെന്നും റോഡ് പുറമ്പോക്ക് കൈവശം വച്ചിരിക്കുന്നതായുമായിരുന്നു കണ്ടെത്തൽ.
സി.പി.എം ഓഫീസ് നിർമാണവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നു. നിർമാണ നിയന്ത്രണം നിലനിൽക്കുന്ന ജില്ലയിൽ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കെട്ടിടം നിർമിച്ചിരുന്നത്. ഗാർഹിക ആവശ്യത്തിന് മാത്രം കെട്ടിടം നിർമിക്കാൻ അനുമതിയുള്ള സ്ഥലത്താണ് വാണിജ്യാവശ്യത്തിന് കെട്ടിടം നിർമിച്ചത്. എൻ.ഒ.സി ആവശ്യമുള്ളയിടത്ത് അത് വാങ്ങാതെയാണ് കെട്ടിടം നിർമിച്ചതെന്നും റവന്യൂ വിഭാഗം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. തുടർന്ന് സ്റ്റോപ് മെമ്മോ നൽകിയെങ്കിലും ഇത് അവഗണിച്ച് നിർമാണം തുടങ്ങിയതിന് പിന്നാലെ ഹൈക്കോടതി ഇടപെടലുണ്ടാകുകയും നിർമാണപ്രവർത്തനങ്ങൾ തടയുകയും ചെയ്തിരുന്നു.