സജി ചെറിയാന്‍റെ വിദ്വേഷ പ്രസംഗം; തിരുത്തൽ ആവശ്യപ്പെടാൻ സിപിഎം, മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം

സജി ചെറിയാന്റെ വിദ്വേഷ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനും സിപിഎമ്മിനുമെതിരെ മുസ്‌ലിം ലീഗും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു

Update: 2026-01-20 05:08 GMT

തിരുവനന്തപുരം: സജി ചെറിയാന്റെ വര്‍ഗീയ പ്രസ്താവനയില്‍ സിപിഎം തിരുത്തല്‍ ആവശ്യപ്പെട്ടേക്കും. മന്ത്രിയുടെ പ്രസംഗം പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണായകമാകും.

മന്ത്രിയെന്ന നിലയില്‍ സജി ചെറിയാന്‍ നടത്തിയ പ്രസ്താവന അങ്ങേയറ്റം ഗൗരവസ്വഭാവത്തില്‍ കാണേണ്ടതാണെന്നും തിരുത്തിപ്പറയേണ്ടത് അനിവാര്യമാണെന്നുമാണ് സിപിഎമ്മിന്റെ നിരീക്ഷണം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരം പ്രസ്താവനകള്‍ നടത്തുകയും അതിനെ പിന്തുണക്കുകയും ചെയ്യുന്നത് പാര്‍ട്ടിക്ക് കൂടുതല്‍ ക്ഷീണം വരുത്തുമെന്നും പാര്‍ട്ടി വിലയിരുത്തി.

Advertising
Advertising

സജി ചെറിയാന്റെ പ്രസ്താവനയെ സര്‍ക്കാരിനെതിരായ ആയുധമാക്കി പ്രതിപക്ഷം ഇതിനോടകം ഏറ്റുപിടിച്ചിരിക്കുകയാണ്. സജി ചെറിയാനുമായി പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്‍ ഇന്ന് സംസാരിച്ചേക്കും. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് അറിഞ്ഞതിന് ശേഷം മാത്രമേ എങ്ങനെ തിരുത്തണമെന്നുള്ള കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്നും വിവരങ്ങളുണ്ട്.

നേരത്തെ, സജി ചെറിയാന്റെ വിദ്വേഷ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനും സിപിഎമ്മിനുമെതിരെ മുസ്‌ലിം ലീഗും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. നാല് വോട്ടിന് വേണ്ടി വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം. ഒരു ജനവിഭാഗത്തെ ലക്ഷ്യം വെച്ചുള്ള പ്രചാരണമാണ് നടത്തുന്നതെന്നും മലയാളിയുടെ മനസില്‍ വര്‍ഗീയത ചെലവാകില്ലെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

തെരഞ്ഞെടുപ്പില്‍ മതാടിസ്ഥാനത്തില്‍ വിജയിച്ചുവരുന്ന പ്രവണതയാണ് ചൂണ്ടിക്കാട്ടിയതെന്നായിരുന്നു സജി ചെറിയാന്റെ ന്യായീകരണം. സജി ചെറിയാന്റേത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.

മുസ്‌ലിം ലീഗിന്റേത് വര്‍ഗീയത വളര്‍ത്തുന്ന രാഷ്ട്രീയമാണെന്നായിരുന്നു സജി ചെറിയാന്റെ പരാമര്‍ശം. വര്‍ഗീയ ധ്രുവീകരണമുണ്ടോയെന്ന് അറിയാന്‍ മലപ്പുറത്തും കാസര്‍കോടും ജയിച്ചവരുടെ പേരുകള്‍ നോക്കിയാല്‍ അറിയാനാകുമെന്നും ഇതാര്‍ക്കും മനസിലാവില്ലെന്ന് കരുതരുതെന്നും സജി ചെറിയാന്‍ കഴിഞ്ഞ ദിവസം പറയുകയുണ്ടായി.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News