ഭർതൃമാതാവ് ദേഹത്തേക്ക് ചൂടുവെള്ളമൊഴിച്ച സംഭവം; ഭർതൃ ഗൃഹത്തിൽ ക്രൂരപീഡനം നേരിട്ടുവെന്ന് യുവതിയുടെ വെളിപ്പെടുത്തൽ

വിവാഹത്തിന് ശേഷം ഭർത്താവും ഭർതൃമാതാവും നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന് യുവതി മീഡിയവണിനോട് പറഞ്ഞു

Update: 2023-07-12 06:26 GMT
Advertising

പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിൽ ഭർതൃമാതാവ് ചൂട് വെള്ളം ഒഴിച്ച് പൊള്ളിച്ച യുവതി ഭർതൃ ഗൃഹത്തിൽ നേരിട്ടത് ക്രൂരപീഡനം. വിവാഹത്തിന് ശേഷം ഭർത്താവും ഭർതൃമാതാവും നിരന്തരം ഉപദ്രവിച്ചു. വിവാഹത്തിന് തന്റെ വീട്ടുകാർ നൽകിയ സ്വർണം തിരികെ ചോദിച്ചപ്പോൾ ഭർത്താവ് മർദ്ദിക്കുകയും സഹോദരനെ ഗുണ്ടകളെ ഉപയോഗിച്ച് മർദ്ദിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് യുവതി മീഡിയവണിനോട് പറഞ്ഞു.

വിവാഹത്തിന് ശേഷം നിരന്തരം പ്രശ്‌നങ്ങളുണ്ടാവുകയും നിരവധി തവണ ബന്ധുക്കളുടെയും കുടുംബത്തിന്റയും നേതൃത്വത്തിൽ മധ്യസ്ഥത നടത്തുകയും ചെയ്തിരുന്നു. ഈ സമയത്തെല്ലാം ഭർത്താവ് ഇനി ഉപദ്രവമുണ്ടാവില്ലെന്ന് ഖുർആൻ വെച്ച് സത്യം ചെയ്യുകയും കരഞ്ഞ് പറയുകയും ചെയ്യുകയായിരുന്നു. സി.എ പഠിക്കുന്ന സഹോരന്റെ പഠനം മുടക്കുമെന്നും ഗുണ്ടകളെ ഉപയോഗിച്ച് മർദ്ദിക്കുമെന്ന് യുവതിയെ ഭീഷണിപെടുത്തി. ഇതിനെ തുടർന്ന് പീഡന വിവരങ്ങൾ യുവതി വീട്ടുകാരോട് പറഞ്ഞിരുന്നില്ല.

ആശുപത്രിയിൽ പോകാൻ പണം ചോദിച്ചതിന് ഭർത്താവ് വാതിലടച്ചിട്ട് മർദിച്ചു ഈ സമയം യുവതി രക്ഷപെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് യുവതി വനിത സെല്ലിൽ പരാതി നൽകുകയായിരുന്നു. പരാതി കൊടുത്തതിന് ശേഷം വനിത സെല്ലിൽ വെച്ച് ചർച്ചകൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതിനെ തുടർന്ന് പള്ളി കമ്മറ്റിയിൽ പരാതി നൽകുകയും ചർച്ച നടത്തുകയും ചെയ്തു. ഇതിനെതുടർന്ന് ഇനി ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും ഭാഗത്ത് നിന്ന് യാതൊരുവിധ ഉപദ്രവവും ഉണ്ടാവില്ലെന്ന ഉറപ്പിൽ യുവതി ഭർത്താവിന്റെ വീട്ടിലേക്ക് പോയി.

ഇതിന് പിന്നാലെയാണ് പള്ളി കമ്മറ്റിയിൽ അപമാനിച്ചെന്ന് പറഞ്ഞ് ഭർത്യ മാതാവ് യുവതിയുടെ ദേഹത്തേക്ക് ചൂടുവെള്ളം ഒഴിച്ചത്. ചൂടുവെള്ളം വീണ് പൊള്ളലേറ്റതിനെ തുടർന്ന് യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഏഴ് ദിവസത്തോളം തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ മെയ് 28 നാണ് സംഭവം നടക്കുന്നത്. അന്ന് തന്നെ ആശുപത്രി അധികൃതരും യുവതിയുടെ കുടുംബവും പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മജ്‌സ്‌ട്രേറ്റ് അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. പെരുമ്പാവുർ പോലീസിനാണ് അന്വേഷണ ചുമതല. എന്നാൽ ഉപദ്രവിച്ച ഭർത്താവിനും ഭർതൃമാതാവിനുമെതിരെ ഇതു വരെ പൊലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു വിധ നടപടിയുമുണ്ടായിട്ടില്ല. സംഭവം നടന്ന് 45 ദിവസത്തിന് ശേഷവും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

യുവതിയുടെ കുടുംബം നൽകിയ ഒരു വലിയ തുകയും 100 പവൻ സ്വർണവും ഭർത്താവ് കൈക്കലാക്കുകയും രണ്ടുപേരുടെ യും പേരിലുള്ള ജോയിന്റ് അകൗണ്ടിൽ നിക്ഷേപിച്ചതാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. യുവതിയുടെ സഹോദരന്റെ അടക്കം വിവാഹത്തിന് ഇത് ധരിക്കാൻ വേണ്ടി ചോദിച്ചപ്പോൾ നൽകിയില്ല. ഇതിന്റ പേരിലും യുവതിയെ മർദ്ദിച്ചിരുന്നു. മാത്രമല്ല ഭർത്താവും ഭർതൃമാതാവും തന്റെ പഠനം മുടക്കിയെന്നും യുവതി പറഞ്ഞു.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News