സമ്മേളനങ്ങളിൽ മത്സരമാകാം; നിലപാടിൽ അയവുവരുത്തി സിപിഐ നേതൃത്വം

സമ്മേളനങ്ങളിൽ ഔദ്യോഗിക പാനലിനെതിരെ ഒരാൾക്ക് മത്സരിക്കാം

Update: 2025-04-10 07:36 GMT
Editor : Jaisy Thomas | By : Web Desk

തിരുവനന്തപുരം: സമ്മേളനങ്ങളിൽ മത്സരം പാടില്ലെന്ന നിലപാട് മയപ്പെടുത്തി സിപിഐ. പാനലായി മത്സരിക്കുന്നതിനാണ് വിലക്കെന്നും ഔദ്യോഗിക പാനലിനെതിരെ ഒരാൾ മത്സരിക്കാൻ ഇറങ്ങിയാൽ വിലക്കില്ലെന്നും സംസ്ഥാന എക്സിക്യൂട്ടീവിൽ നേതൃത്വം വിശദീകരിച്ചു. മുതിർന്ന നേതാവ് കെ.ഇ.ഇസ്മയിലിനെതിരായ നടപടി ഇന്നും, നാളെയും നടക്കുന്ന സംസ്ഥാന കൗൺസിൽ യോഗത്തിനിടയിൽ റിപ്പോർട്ട് ചെയ്യും.

സിപിഐയുടെ ലോക്കൽ സമ്മേളനങ്ങൾ ആണ് നിലവിൽ നടക്കുന്നത്. മേൽഘടകങ്ങളിലെ സമ്മേളനങ്ങളിലേക്ക് കടക്കുമ്പോൾ സംസ്ഥാന സെക്രട്ടറിക്കെതിരെയും നേതൃത്വത്തിനെതിരെയും ചില നീക്കങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കൊണ്ടാണ് സമ്മേളനങ്ങളിൽ മത്സരത്തിന് വിലക്കേർപ്പെടുത്തിയത്. മത്സരത്തിന് ആരെങ്കിലും തുനിഞ്ഞാൽ ആ സമ്മേളന സസ്പെൻഡ് ചെയ്ത് പിന്നീട് നടത്തണമെന്നായിരുന്നു സംസ്ഥാന നേതൃത്വം ഇറക്കിയ സർക്കുലറിൽ പറഞ്ഞിരുന്നത്. ഇതിനെതിരെ വ്യാപകമായ വിമർശനം ഉയർന്നുവന്നു. ഇതോടെയാണ് മത്സരവിലക്കില്‍ അയവ് വരുത്താൻ സിപിഐ സംസ്ഥാന നേതൃത്വം നിർബന്ധിതരായത്.

Advertising
Advertising

ഔദ്യോഗിക പാനലിനെതിരെ, പാനലായി തന്നെ മത്സരത്തിനുള്ള വിലക്കാണ് ഏർപ്പെടുത്തിയതെന്ന് നേതൃത്വം വിശദീകരിച്ചു.ചേരിതിരിഞ്ഞ് മത്സരിക്കാൻ ഇറങ്ങിയാല്‍ സമ്മേളനം നിർത്തിവെച്ച് സമവായ സാധ്യത തേടും.എന്നാൽ ഔദ്യോഗിക പാനലുകൾക്കെതിരെ ഒരാൾ മത്സരിക്കാൻ ഇറങ്ങിയാൽ വിലക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്.പാർട്ടി തീരുമാനം ഇന്നലെ സംസ്ഥാന എക്സിക്യൂട്ടീന് യോഗത്തില്‍ അസിസ്റ്റന്‍റ് സെക്രട്ടറി ഇ. ചന്ദ്രശേഖരൻ വിശദീകരിച്ചു.മുതിർന്ന നേതാവ് കെ.ഇ ഇസ്മയിലിനെതിരെ നടപടിയെടുത്തതിൽ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. ഇതും സംസ്ഥാന കൗൺസിൽ യോഗത്തിൽ ഉയർന്നുവന്നേക്കും. പാർട്ടി, നിലപാട് എടുത്തശേഷം പല വിഷയങ്ങളിലും സിപിഎമ്മിന് മുന്നിൽ അടിയറവ് പറയുന്നു എന്ന വിമർശനവും നേതൃയോഗങ്ങളിൽ ഉയരാൻ സാധ്യതയുണ്ട്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News