തിരുവനന്തപുരം കോർപറേഷൻ: സിപിഎം വിമതനായി മുൻ ദേശാഭിമാനി ബ്യൂറോ ചീഫ്: ഉള്ളൂർ ഡിവിഷനിൽ മത്സരിക്കുമെന്ന് കെ.ശ്രീകണ്ഠൻ
കടകംപള്ളി സുരേന്ദ്രൻ ഇടപെട്ടാണ് തന്റെ സ്ഥാനാർത്ഥിത്വം ഇല്ലാതാക്കിയതെന്ന് കെ.ശ്രീകണ്ഠൻ
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ സിപിഎമ്മിന് വിമത സ്ഥാനാർഥി. ഉള്ളൂരിൽ കെ. ശ്രീകണ്ഠൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും.ഉള്ളൂർ ലോക്കൽ കമ്മിറ്റി അംഗവും മുൻ ദേശാഭിമാനി ബ്യൂറോ ചീഫുമാണ് ശ്രീകണ്ഠൻ. സിപിഎം നേതൃത്വം ഇടപെട്ട് ശ്രീകണ്ഠനെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, ജില്ലയിലെ മുതിർന്ന നേതാവ് കടകംപള്ളി സുരേന്ദ്രൻ ഇടപെട്ടാണ് തന്റെ സ്ഥാനാർത്ഥിത്വം ഇല്ലാതാക്കിയത് എന്ന നിലപാടിലാണ് കെ.ശ്രീകണ്ഠൻ.
കെ.ശ്രീകണ്ഠന്റെ വാക്കുകൾ
'തിരുവനന്തപുരം കോർപറേഷൻ ഉള്ളൂർ ഡിവിഷനിൽ മത്സരിക്കാൻ തീരുമാനിച്ചു. പാർട്ടി വിമതനായല്ല സ്വതന്ത്രസ്ഥാനാർത്ഥിയാണ് മത്സരിക്കുന്നത്. ഉള്ളൂരിൽ നിന്ന് പാർട്ടി എന്നെയാണ് ആദ്യം തീരുമാനിച്ചത്. ദേശാഭിമാനിയിൽ നിന്ന് വിരമിച്ചത് മുതൽ ലോക്കൽ കമ്മിറ്റി അംഗമാണ്. കടകംപള്ളി സുരേന്ദ്രനാണ് മത്സരിക്കാൻ തയ്യാറാവാൻ ആദ്യം തന്നോട് പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തിൽ ആളുകളെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു തുടങ്ങി. എന്നെ സംബന്ധിച്ച് ആരും എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല. ആർക്കും തർക്കമില്ലായിരുന്നു. കടകംപള്ളി അറിഞ്ഞു കൊണ്ട് തന്നെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.വിജയപ്രതീക്ഷയുണ്ട്. റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റാണ്. സാധാരണക്കാരുടെ പ്രശ്‌നങ്ങളിൽ നിരന്തരം ഇടപെടുന്ന ആളാണ്. പാർട്ടി എന്നെ അവഗണിച്ചു എന്ന് പറയുന്നില്ല. കടകംപള്ളി സുരേന്ദ്രന്റെ ചില ഇടപെടലുകളുണ്ടായതിനെ തുടർന്നാണ് താൻ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് പുറത്തായത്. ജയിച്ചാലും തോറ്റാലും താൻ പാർട്ടി തന്നെയാണ്.'