Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
മലപ്പുറം: സ്കൂൾ സമയമാറ്റ വിഷയത്തിൽ ചർച്ചക്ക് തയ്യാറാണെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പരാമർശത്തിന് മറുപടിയുമായി മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം. ഈ സർക്കാർ അധികാരത്തിലേറിയത് മുതൽ യു ടേൺ അടിക്കുകയാണെന്നും യു ടേൺ അവർക്ക് പുത്തരിയല്ലെന്നും പി.എം.എ.സലാം പറഞ്ഞു. ആലോചിക്കാതെ നടപടിയെടുത്തതിന്റെ ഫലമായി യു ടേൺ അടിക്കലും കോടതിയുടെ വിമർശനം ഏറ്റുവാങ്ങലും സ്ഥിരം പരിപാടിയാണെന്നും പി.എം.എ.സലാം കൂട്ടിച്ചേർത്തു.
'സമസ്തയുടെ നിലപാട് ജനാധിപത്യവിരുദ്ധമാണെന്നും അവരുമായി ചർച്ചക്ക് തയ്യാറല്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞപ്പോൾ ചർച്ചക്ക് തയ്യാറല്ല എന്ന മന്ത്രിയുടെ നിലപാടാണ് ജനാധിപത്യവിരുദ്ധമെന്ന് അദ്ദേഹത്തോട് പറഞ്ഞു. എന്ത് അഭിപ്രായ വ്യത്യസം ഉണ്ടെങ്കിലും അവരുമായി ചർച്ചക്ക് തയ്യാറാവണം' പി.എം.എ.സലാം പറഞ്ഞു.
കീമിന്റെ വിഷയത്തിലും ഒരുപാട് വിദ്യാർഥികളും രക്ഷിതാക്കളും ദുരിതമനുഭവിക്കുന്നതും സർക്കാരിന്റെ ഈ നിലപാടിന്റെ ഫലമാണെന്നും പി.എം.എ.സലാം വിമർശിച്ചു. ആഗസ്റ്റ് 14-നാണ് അഡ്മിഷന്റെ അവസാന തീയതി. അതിന് മുമ്പ് ഇതെല്ലം പരിഹരിക്കേണ്ടേ എന്നും സലാം ചോദിച്ചു. ഫുട്ബോൾ മത്സരം ആരംഭിച്ചിട്ട് അതിന്റെ നിയമം മാറ്റുന്നപോലെയാണ് സർക്കാരിന്റെ നിലപാടുകളെന്നും സലാം വിമർശിച്ചു.