ഞാൻ ആരെയും മൂന്നാറിലേക്ക് ക്ഷണിച്ചിട്ടില്ല, സ്വബോധമുള്ള ആരെങ്കിലും അങ്ങനെ ക്ഷണിക്കുമോ?; സ്വപ്‌നയുടെ ആരോപണത്തിൽ തോമസ് ഐസക്

സ്വപ്‌ന ബിജെപിയുടെ ദത്തുപുത്രിയാണ്. ആരോപണങ്ങൾക്ക് പിന്നിൽ ബിജെപിയുടെ രാഷ്ട്രീയ താൽപര്യമാണെന്നും ഐസക് പറഞ്ഞു.

Update: 2022-10-23 11:14 GMT
Advertising

കോഴിക്കോട്: സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങൾ തള്ളി തോമസ് ഐസക്. ആരോപണങ്ങൾ സാമാന്യ യുക്തിക്ക് നിരക്കുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. താൻ ആരെയും മൂന്നാറിലേക്ക് ക്ഷണിച്ചിട്ടില്ല. സാമാന്യബുദ്ധിയുള്ള ഏതെങ്കിലും മന്ത്രി കറങ്ങാനായി ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് ക്ഷണിക്കുമോ എന്ന് ഐസക് ചോദിച്ചു. മന്ത്രിയായിരുന്ന കാലത്തെ തന്റെ റെക്കോർഡ് മുഴുവൻ പരിശോധിച്ചു. ഒരിക്കൽ പോലും മൂന്നാറിൽ പോയിട്ടില്ല. ആര് വന്നാലും ചിരിച്ചും സ്‌നേഹത്തിലുമാണ് സംസാരിക്കാറുള്ളത്. അതിൽ ആർക്കെങ്കിലും മറ്റെന്തെങ്കിലും തോന്നിയാൽ അത് തന്റെ തലയിൽ വെക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വപ്‌ന ബിജെപിയുടെ ദത്തുപുത്രിയാണ്. ആരോപണങ്ങൾക്ക് പിന്നിൽ ബിജെപിയുടെ രാഷ്ട്രീയ താൽപര്യമാണ്. സ്വപ്നക്ക് പൂർണ സംരക്ഷണം നൽകുന്നതും ആരോപണങ്ങളുടെ സ്‌ക്രിപ്റ്റ് തയ്യാറാക്കുന്നതും ബിജെപിയാണ്. സ്വപ്‌ന നേരത്തെ പറഞ്ഞതും ഇപ്പോൾ പറയുന്നതും പരസ്പര വിരുദ്ധമാണ്. ആരോപണങ്ങൾക്കെതിരെ നിയമനടപടി വേണോ എന്ന് പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുൻ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെയാണ് സ്വപ്‌ന സുരേഷ് ആരോപണമുന്നയിച്ചത്. തോമസ് ഐസക് മൂന്നാറിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞെന്നായിരുന്നു സ്വപ്‌നയുടെ ആരോപണം.

Full View


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News