മൂന്ന് ലക്ഷം ഡോസ് വാക്സിന്‍ കൂടി: സംസ്ഥാനത്തെ വാക്സിനേഷന്‍ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം

നാളെ കൂടുതല്‍ വാക്സിനെത്തുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ പ്രതീക്ഷ

Update: 2021-08-10 07:54 GMT
Editor : ijas

സംസ്ഥാനത്തെ വാക്സിനേഷന്‍ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം. മൂന്ന് ലക്ഷം ഡോസ് വാക്സിന്‍ കേരളത്തിന് ലഭിച്ചു. നാളെ കൂടുതല്‍ വാക്സിന്‍ എത്തിയേക്കും. വാക്സിൻ ക്ഷാമം മൂലം അഞ്ച് ജില്ലകളില്‍ ഇന്ന് കുത്തിവെപ്പില്ല. വാക്സിൻ ക്ഷാമം പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ട് യു.ഡി.എഫ് എംപിമാർ പാർലമെന്‍റിന് മുന്നിൽ സത്യാഗ്രഹം നടത്തി.

വാക്സിന്‍ യജ്ഞത്തിന്‍റെ രണ്ടാം ദിനവും കടുത്ത പ്രതിസന്ധി നേരിടുന്നതിനിടയിലാണ് മൂന്ന് ലക്ഷം ഡോസ് എത്തുന്നത്. ഇതില്‍ 1,70,000 ഡോസ് തിരുവനന്തപുരം മേഖലയില്‍ വിതരണം ചെയ്യും. 1,20,000 ഡോസ് എറണാകുളം മേഖലയിലേക്ക് നല്‍കും. ഇതില്‍ 30,000 ഡോസ് വാക്സിന്‍ എറണാകുളം ജില്ലയിലാകും വിതരണം ചെയ്യുക. കോഴിക്കോട് മേഖലയിലേക്ക് 75,000 ഡോസ് വാക്സിനാണ് എത്തിക്കുന്നത്. ഇന്നലെ ആരംഭിച്ച വാക്സിന്‍ യജ്ഞം വാക്സിന്‍ ക്ഷാമത്തെ തുടര്‍ന്ന് ഭാഗികമായാണ് നടക്കുന്നത്. പ്രതിദിനം അഞ്ച് ലക്ഷം പേര്‍ക്ക് കുത്തിവെപ്പെടുക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും രണ്ടര ലക്ഷം പേര്‍ക്ക് നല്‍കാനേ കഴിഞ്ഞുള്ളൂ. ഇന്ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, വയനാട് ജില്ലകളില്‍ വാക്സിനേഷനില്ല. മറ്റ് ജില്ലകളിലും കുത്തിവെപ്പ് കേന്ദ്രങ്ങളുടെ എണ്ണം കുറച്ചിട്ടുണ്ട്. മലപ്പുറത്ത് 6500 ഡോസും കോഴിക്കോട് 1200 ഡോസുമാണ് ശേഷിക്കുന്നത്. ഇടുക്കിയിൽ 11 സർക്കാർ കേന്ദ്രങ്ങളിൽ മാത്രമാണ് ഇന്ന് വാക്സിനേഷൻ.

Full View

നാളെ കൂടുതല്‍ വാക്സിനെത്തുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ പ്രതീക്ഷ. അതേ സമയം സംസ്ഥാനത്തെ വാക്സിൻ ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്‍റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ യു.ഡി.എഫ് എംപിമാർ സത്യാഗ്രഹം നടത്തി. കേരളത്തിൽ കോവിഡ് കൂടുന്നതിനാൽ വാക്സിൻ ഉടൻ എത്തിക്കണമെന്ന് എംപിമാർ ആവശ്യപ്പെട്ടു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News