മൂന്ന് മാസം പ്രായമായ നായക്കുട്ടിയുടെ മുഖത്ത് രാസലായനി ഒഴിച്ച് ക്രൂരത; കാഴ്ച നഷ്ടപ്പെട്ടു,ആന്തരിക അവയവങ്ങൾക്ക് പൊള്ളലേറ്റു, പരാതി നല്‍കി കുടുംബം
വീട്ടുകാര്‍ പുറത്ത് പോയ സമയത്താണ് നായയെ ആക്രമിച്ചത്
Update: 2025-07-13 02:37 GMT
എറണാകുളം: പുത്തൻ കുരിശിൽ മൂന്നു മാസം പ്രായമുള്ള നായക്കുട്ടിയുടെ മുഖത്ത് കെമിക്കൽ ലായനി ഒഴിച്ചതായി പരാതി.നായയുടെ കാഴ്ച നഷ്ടപ്പെട്ടു.ആന്തരിക അവയവങ്ങൾക്ക് പൊള്ളലേറ്റു. പുത്തൻ കുരിശ് സ്വദേശി നയനയുടെ വളർത്തു നായക്കാണ് ഗുരുതര പരിക്കേറ്റത്.
നയനയും കുടുംബവും പുറത്ത് പോയ സമയത്ത് കൂട്ടിലുണ്ടായിരുന്ന നായയുടെ ദേഹത്തേക്കാണ് രാസ ലായനി ഒഴിച്ചത്. അവശനായ നായക്കുട്ടിയെയാണ് തിരിച്ചെത്തിയ വീട്ടുകാര്‍ കണ്ടത്.തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് രാസലായനിയാണ് ദേഹത്തേക്ക് ഒഴിച്ചതെന്ന് മനസിലായത്. പുത്തൻ കുരിശ് പൊലീസിൽ പരാതി നൽകി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.