ഇടുക്കിയിൽ സ്കൂൾ ബസ് കയറി നാല് വയസുകാരിക്ക് ദാരുണാന്ത്യം
തടിയമ്പാട് പറപ്പള്ളിൽ ഹെയ്സൽ ബെൻ ആണ് മരിച്ചത്
Photo| MediaOne
ഇടുക്കി: ഇടുക്കിയിൽ നാലു വയസുകാരിക്ക് സ്കൂൾ കോമ്പൗണ്ടിൽ ബസ് കയറി ദാരുണാന്ത്യം. തടിയമ്പാട് സ്വദേശി ഹെയ്സൽ ബെൻ ആണ് മരിച്ചത്. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂൾ കോമ്പൗണ്ടിലായിരുന്നു അപകടം. മൂന്നു വയസ്സുകാരി ഇനയ തെഹ്സിന് ഗുരുതരമായി പരിക്കേറ്റു.
വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ പ്ലേ സ്കൂൾ വിദ്യാർഥികളാണ് മരിച്ച ഹെയ്സലും , പരിക്കേറ്റ ഇനേയയും. രാവിലെ 9 മണിയോടെയാണ് അപകടം. 17-ാം നമ്പർ ബസിലാണ് ഇരുവരും സ്കൂളിലെത്തിയത്. ബസിൽ നിന്ന് ഇറങ്ങിയ ഇരുവരും ക്ലാസ് മുറിയിലേക്ക് നടന്നു . ഇതിനിടെ കുട്ടികളെ ഇറക്കി മുൻപോട്ടെടുക്കുകയായിരുന്നു 19-ാം നമ്പർ ബസ് കുട്ടികളെ തട്ടിയിട്ടു. ഇരുവരുടെയും ദേഹത്തുടെ ബസ് കയറിയിറങ്ങി. ഹെയ്സൽ തൽക്ഷണം മരിച്ചു.
സംഭവത്തിൽ പൊലീസും മോട്ടോർ വാഹന വകുപ്പും അന്വേഷണം തുടങ്ങി.ഗുരുതരമായി പരിക്കേറ്റ ഇനേയയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. പ്രതികരിക്കാൻ സ്കൂൾ അധികൃതർ തയ്യാറായിട്ടില്ല. ഹെയ്സൽ ബെന്നിന്‍റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് തന്നെ ബന്ധുക്കൾക്ക് വിട്ടു നൽകും.