നവകേരളയാത്ര: മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഷൂ എറിഞ്ഞ കെ.എസ്.യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്

പെരുമ്പാവൂർ ഓടക്കാലിയിൽ വച്ചായിരുന്നു ഷൂ എറിഞ്ഞത്

Update: 2023-12-11 02:02 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനത്തിന് നേരെ ഷൂ എറിഞ്ഞ കേസിൽ കെ.എസ്.യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ് എടുത്തു. കണ്ടാൽ അറിയാവുന്ന 4 പേർക്ക് എതിരെയാണ് കുറുപ്പുംപടി പൊലീസ് കേസ് എടുത്തിരിക്കുന്നത്. 

 പെരുമ്പാവൂർ ഓടക്കാലിയിൽ വച്ചായിരുന്നു ഷൂ എറിഞ്ഞത്. പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പെരുമ്പാവൂരിൽ കരിങ്കൊടി കാണിക്കാനെത്തിയ കെ.എസ്.യു പ്രവർത്തകരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിക്കുകയും ചെയ്തു.. പൊലീസ് നോക്കിനിൽക്കുമ്പോഴായിരുന്നു മർദനം. കെ.എസ്.യു, കോൺഗ്രസ് പതാകകളും ഡി.വൈ.എഫ്.ഐ പ്രവർത്തകർ കത്തിച്ചു.

കെ.എസ്.യു പ്രതിഷേധത്തോട് രൂക്ഷമായ ഭാഷയിലായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. ഏറിലേക്ക് പോയാൽ അതിന്റേതായ നടപടികൾ സ്വാഭാവികമായി സ്വീകരിക്കേണ്ടിവരുമെന്നും അപ്പോൾ വിലപിച്ചിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്താണ് ഇവരുടെ പ്രശ്‌നമെന്ന് മനസ്സിലാകുന്നില്ല. എന്താണീ കോപ്രായമെന്ന രീതിയിൽ നാട്ടുകാർ അവരെ അവഗണിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, നവകേരള സദസ്സിനെതിരെ പ്രതിഷേധം കടുപ്പിക്കുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കരിങ്കൊടികൊണ്ട് മാത്രം പ്രതിഷേധം രേഖപ്പെടുത്തിയപ്പോൾ അതിനെ കയ്യൂക്ക് കൊണ്ട് നേരിടാൻ തീരുമാനിച്ച കേരളത്തിലെ ഡി.വൈ.എഫ്.ഐക്കും കേരള പൊലീസിനും എതിരെയുള്ള പ്രതികരണം കൂടിയാണ് മുഖ്യമന്ത്രിക്ക് നേരെ നടന്ന ഷൂ ഏറ്. സംസ്ഥാന വ്യാപകമായി അത് തുടരുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

 ഇടുക്കി ജില്ലയിലാണ് നവകേരളയാത്രയുടെ ഇന്നത്തെ പര്യടനം. ഇടുക്കി, ദേവികുളം, ഉടുമ്പൻചോല മണ്ഡലങ്ങളിലാണ് നവകേരള സദസുകൾ നടക്കുന്നത്. ചെറുതോണിയിൽ പ്രഭാത യോഗവും തുടർന്ന് മുഖ്യമന്ത്രിയുടെ പത്രസമ്മേളനവും നടക്കും. ഇന്നലെ നടന്ന തൊടുപുഴ നിയോജക മണ്ഡലത്തിലെ നവകേരള സദസ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രതിഷേധം കണക്കിലെടുത്ത് മുഖ്യമന്ത്രിയെത്തുന്നതിന് മുമ്പായി തൊടുപുഴയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

നവകേരള സദസിന് ശേഷം ഇടുക്കിയിലേക്കുള്ള യാത്രയിൽ പൊലീസ് വലയം ഭേദിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടുകയും ചെയ്തു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വൻ സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. നാളെ തേക്കടിയിൽ മന്ത്രിസഭാ യോഗവും പിന്നീട് പീരുമേട് മണ്ഡത്തിലെ നവകേരള സദസും നടക്കും.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News