തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: അന്തിമ പോളിങ് ശതമാനം 68.77

69. 28 ആയിരുന്നു കഴിഞ്ഞ തവണത്തെ പോളിങ് ശതമാനം

Update: 2022-06-01 13:13 GMT
Advertising

എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ അന്തിമ പോളിങ് ശതമാനം പുറത്തുവന്നു. 68.77 ശതമാനം പേരാണ് ഇന്നലെ വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞതവണത്തെക്കാൾ കുറവാണ് പോളിങ് ശതമാനം. 69. 28 ശതമാനം ആയിരുന്നു കഴിഞ്ഞ തവണത്തെ പോളിങ്.

പോളിങിന് തൊട്ടുമുമ്പുവരെയുണ്ടായിരുന്ന ആത്മവിശ്വാസം യു.ഡി.എഫിനും എൽ.ഡി.എഫിനും ഇപ്പോഴില്ല. പി.ടി തോമസിന് കിട്ടിയ 14329 വോട്ടിനേക്കാൾ ലീഡ് ലഭിക്കുമെന്ന് പറഞ്ഞിരുന്ന നേതാക്കൾ ഉമ തോമസ് കുറഞ്ഞത് 10000 വോട്ടിനെങ്കിലും ജയിക്കുമെന്ന നിലപാടിലേക്ക് മാറി. ജോ ജോസഫിന്റെ കുറഞ്ഞ ഭൂരിപക്ഷം 5000 എന്നായിരുന്നു എൽ.ഡി.എഫ് കണക്ക്. വോട്ടെടുപ്പിന് ശേഷം അത് 3000 ത്തിലേക്ക് താഴ്ന്നു. ഉദ്ദേശിച്ചത്ര പോളിങ് വർധിക്കാത്തതാണ് മുന്നണികൾ ആശങ്കയിലാകാൻ കാരണം.

എന്നാൽ കൂട്ടലും കിഴിക്കലും കഴിഞ്ഞ് എങ്ങനെ നോക്കിയാലും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് തൃക്കാക്കരയിൽ എൽ.ഡി.എഫും യു.ഡി.എഫും. പതിനായിരത്തോളം വോട്ടാണ് യു.ഡി.എഫ് കാണുന്ന ഭൂരിപക്ഷമെങ്കിൽ 3000 മാണ് എൽ.ഡി.എഫിൻറെ കണക്കുകളിലുള്ള ലീഡ്. 7500 നും പതിനായിരത്തിനുമിടയിൽ വോട്ട് കൂടുമെന്ന വിലയിരുത്തലിലാണ് ബി.ജെ.പി.

കഴിഞ്ഞ തവണത്തെ 15483 വോട്ടെന്നത് 22000ത്തിന് മുകളിലെത്തിക്കുമെന്ന വിശ്വസം ബി.ജെ.പി ക്യാമ്പിനുമുണ്ട്. ആകെയുള്ള 196805 വോട്ടർമ്മാരിൽ 20000ത്തോളം പേർ സ്ഥലത്തില്ലാത്തതിനാൽ വോട്ടുചെയ്യാനെത്തിയില്ലെന്ന് മുന്നണികൾ പറയുന്നു. ട്വൻറി ട്വൻറി-ആം ആദ്മി സഖ്യം മത്സരിക്കാത്തതിനാൽ പ്രധാന മുന്നണികളോട് താത്പര്യമില്ലാത്തവർ പോളിങ് ബൂത്തിലേക്ക് പേയിട്ടില്ലെന്ന നിഗമനത്തിലാണ് യു.ഡി.എഫും എൽ.ഡി.എഫും.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News