പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും; നടപടി ഗതാഗത തടസ്സം തുടരുന്നെന്ന കലക്ടറുടെ റിപ്പോർട്ട് പരിഗണിച്ച്
ഹരജി ഈ മാസം 30ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും
കൊച്ചി:പാലിയേക്കരയിൽ ടോൾ പിരിക്കാൻ ഹൈക്കോടതി ഇന്നും അനുമതി നൽകിയില്ല. ആമ്പല്ലൂർ, മുരിങ്ങൂർ ഭാഗത്ത്ഗതാഗത തടസ്സം തുടരുന്നെന്ന തൃശൂർ കലക്ടറുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി.
കുഴിയെടുക്കുന്ന ഭാഗങ്ങളിൽ യാത്ര സുരക്ഷിതമല്ലെന്നും ദേശീയപാത അതോറിറ്റി സുരക്ഷ നിർദേശങ്ങൾ പാലിച്ചിട്ടില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ ഘട്ടങ്ങളായി ചെയ്യുന്നുണ്ടെന്നാണ് NHAI യുടെ വിശദീകരണം. ഹരജി 30ന് വീണ്ടും പരിഗണിക്കും.
പ്രശ്നങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല എന്നാണ് ജില്ലാ കലക്ടർ ഹൈക്കോടതിയെ അറിയിച്ചത്. ഇന്നലെയും മുരിങ്ങൂരിലും ആമ്പല്ലൂറിലും ഗതാഗത തടസ്സമുണ്ടായി. റോഡ് തകർന്ന ഇടങ്ങളിൽ ബാരിക്കേഡ് കെട്ടാൻ നിർദ്ദേശം നൽകിയിരുന്നു. ദേശീയപാതാ അതോറിറ്റി ഇത് പാലിച്ചില്ല. ഇത് യാത്രക്കാർക്ക് സുരക്ഷാ പ്രശ്നം ഉണ്ടാക്കുന്നെന്നും ജില്ലാ കലക്ടർ കോടതിയെ അറിയിച്ചു. വിഷയം കുറേക്കൂടി ഗൗരവമായി കാണണമെന്ന് ഹൈക്കോടതി ദേശീയപാത അതോറിറ്റിയോട് നിർദ്ദേശിച്ചു.
പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ ടോൾ പിരിക്കാൻ കോടതി അനുമതി നൽകിയില്ല. വിഷയം 30ന് വീണ്ടും പരിഗണിക്കുന്നത് വരെ പാലിയേക്കരയിലെ ടോൾ വിലക്ക് തുടരും. ടോൾ പിരിവ് പുനരാരംഭിക്കുവാൻ അനുവദിക്കണമെന്ന് ദേശീയപാത അതോറിറ്റിയുടെ ആവശ്യം, തുടർച്ചയായി നിരവധി തവണയാണ് കോടതി തള്ളുന്നത്.