ആംബുലൻസ് വൈകിയതിനെത്തുടർന്ന് ട്രെയിൻ യാത്രക്കാരൻ മരിച്ച സംഭവം; അന്വേഷണം റെയിൽവേ സിഐക്ക്
ഷൊർണൂർ റെയിൽവേ സിഐ രമേഷിനാണ് അന്വേഷണ ചുമതല
തൃശ്ശൂർ: ആംബുലൻസ് എത്താൻ വൈകിയതിനെ തുടർന്ന് ട്രയിൻ യാത്രക്കാരൻ മരിച്ചതിൽ അന്വേഷണം റെയിൽവേ സിഐക്ക് കൈമാറി. ഷൊർണൂർ റെയിൽവേ സി.ഐ രമേഷിനാണ് അന്വേഷണ ചുമതല. നേരത്തെ തൃശ്ശൂർ റെയിൽവേ എസ്ഐ നൗഷാദിനായിരുന്നു ചുമതല. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് അന്വേഷണം സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറിയത്. പൊലീസ് എസ്പി ഷഹിൻ ഷാ ആണ് അന്വേഷണം സിഐക്ക് കൈമാറിയത്. കഴിഞ്ഞദിവസം സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.
തിങ്കളാഴ്ച പുലർച്ചെയാണ് ആംബുലൻസ് എത്താൻ വൈകിയതിനെത്തുടർന്ന് ചാലക്കുടി മാരാങ്കോട് സ്വദേശി ശ്രീജിത്ത് ഹൃദയാഘാതം മൂലം മരിച്ചത്. ആംബുലൻസ് ലഭിക്കാതെ അരമണിക്കൂറോളമാണ് മുളങ്കുന്നത്തുകാവ് റെയിൽവേ പ്ലാറ്റ്ഫോമിൽ ശ്രീജിത്തിന് കിടക്കേണ്ടി വന്നത്. സംഭവത്തിൽ നാട്ടുകാരും കുടുംബവും വലിയ പ്രതിഷേധമുയർത്തിയിരുന്നു. തുടർന്നാണ് അന്വേഷണം എസ്ഐ ക്കും ശേഷം സിഐക്കും കൈമാറിയത്.
വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ട് കേസെടുക്കുകയും ചെയ്തിരുന്നു. പതിനഞ്ച് ദിവത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് തൃശൂർ സിറ്റി പൊലീസിനും റെയിൽവേക്കും കമ്മീഷൻ നിർദേശം നൽകിയിരുന്നു.